എരുമേലി: മുടിയൊക്കെ പറ്റെ വെട്ടി, കറുത്ത വസ്ത്രവും ധരിച്ച് കൈയിൽ വാക്കത്തിയുമായി എരുമേലി വനത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിനെ കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പോലീസ് ഏൽപ്പിച്ചിരുന്നു.
ഏതോ തീവ്രവാദി സംഘടനയിലെ അംഗമാണ് യുവാവെന്നും വനത്തിനുള്ളിൽ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നുമായിരുന്നു നാട്ടുകാരുടെ സംശയം. എന്നാൽ ഇപ്പോൾ ഈ സംശയങ്ങളെല്ലാം അസ്ഥാനത്തായി. സ്റ്റേഷനിലെത്തിച്ച ശേഷം ചോദ്യം ചെയ്യലിൽ നാട്ടുകാരോട് പറഞ്ഞതുപോലെ പരസ്പര വിരുദ്ധമായ മറുപടികളാണ് യുവാവ് പോലീസിനോടും പറഞ്ഞത്.
യുവാവ് കളമശേരി സ്വദേശിയാണെന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കിവരികയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം വീട്ടിൽ ഇളയച്ഛനുമായി വഴക്കിട്ട ശേഷം മുളകുപൊടിയെറിഞ്ഞു ആക്രമിച്ച യുവാവ് ബസിൽ എരുമേലിയിലെത്തിയ ശേഷം ശബരിമലയിലേക്ക് പോകാൻ വനത്തിലൂടെ നടന്നുപോയതാണെന്നും പറയുന്നു.
വൈക്കം ക്ഷേത്രത്തിൽ ഇതിനിടെ തങ്ങിയെന്നും പറയുന്നു. അച്ഛൻ മാനസിക രോഗിയായിരുന്നു. അച്ഛന്റെ മരണശേഷം യുവാവും മനോരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. വർഷങ്ങൾക്ക് മുന്പ് അച്ഛനൊപ്പം ശബരിമലയിലേക്ക് എരുമേലി വഴി നടന്ന് പോയിരുന്നു.
ഈ ഓർമയിൽ ഇരുന്പൂന്നിക്കര വഴി കോയിക്കക്കാവിൽ എത്തി വനയാത്രയിൽ വഴി തെറ്റി മുട്ടപ്പള്ളി -എലിവാലിക്കര വനാതിർത്തിയിൽ എത്തിയതാണെന്ന് സംശയിക്കുന്നു. ബന്ധുക്കൾ കളമശേരിയിൽ നിന്നും എരുമേലിയിൽ എത്തിയ ശേഷം യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൈയിൽ വാക്കത്തി കരുതിയത് വനയാത്രയിലെ തടസങ്ങൾ നീക്കാനാണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിന് 21 വയസുണ്ട്.