ന്യൂഡൽഹി: ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങൾക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഡൽഹി, മുംബൈ, പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ ലഷ്കർ ഭീകരർ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്താൻ 20-21 പേർ അടങ്ങുന്ന സംഘം ഇന്ത്യയിൽ എത്തിയതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
മുന്നറിയിപ്പിനെത്തുടർന്ന് ഈ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. ഐഎസ്ഐയിൽ നിന്നു പരിശീലനം നേടിയ ഭീകരരാണ് ഇന്ത്യയിലെത്തിയിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.
മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ഹോട്ടലുകൾ, സ്റ്റേഡിയം, ആരാധനാലയങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് ആക്രമണം നടക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണ ശൈലിയായിരിക്കും ഇവർ സ്വീകരിക്കുന്ന എന്നും റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ സേനയും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസികളും ഇന്ത്യയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
നുഴഞ്ഞു കയറാൻ ശ്രമിച്ചു:നാലു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടന്നു നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. രാംപുർ സെക്ടറിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടിയത്. പ്രദേശത്ത് കൂടുതൽ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണ്.
ഇതുകൂടാതെ, ത്രാലിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടങ്ങിയതായി ഡിജിപി ശേഷ് പോൾ വെയ്ദ് ട്വീറ്റ് ചെയ്തു. മൂന്നു ഭീകരർ ഇവിടെ കുടുങ്ങിയതായാണ് ഒൗദ്യോഗിക റിപ്പോർട്ട്.ജമ്മു കാഷ്മീരിലെ പ്രധാന പാതകളെല്ലാം മഞ്ഞു മൂടിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ കാഷ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ വൻ വർധന ഉണ്ടായിട്ടുള്ളതായി സൈന്യം അറിയിച്ചു. ഇതിന് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം പാക് പോസ്റ്റുകൾക്ക് നേർക്ക് സൈന്യം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.