കോയമ്പത്തൂര്‍: ഇരുപതുവർഷങ്ങൾക്കുശേഷം ജില്ലയിൽ മതതീവ്രവാദ പ്രവർത്തനം വീണ്ടും വർധിക്കുന്നതായി ഇന്റലിജൻസ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പു നൽകി. തീവ്രവാദത്തെ കൈയോടെ മുളയിൽ നുള്ളിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും പോലീസ് ഇന്റലിജൻസ് സർക്കാരിനു റിപ്പോർട്ട് നല്കി.
സംസ്ഥാനത്തു മതപരമായ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതലുള്ളതായി കരുതുന്ന നഗരമാണു കോയന്പത്തൂർ. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഹിന്ദുമുന്നണി നേതാവ് ശശികുമാർ, ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകൻ ഫാറൂഖ് എന്നിങ്ങനെ രണ്ടുപേരാണു മതപരമായ ആശയങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നു കൊല്ലപ്പെട്ടത്.
ഫാറൂക്കിന്റെ കൊലയുമായി പിടിയിലായ പ്രതികളിൽ ചിലർ നിരോധിത സംഘടയായ അൽ-ഉമയിലെ അംഗങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ്.
കേന്ദ്രസർക്കാർ നിരോധിച്ചിട്ടുള്ള സിമി സംഘടനയിലെ അംഗങ്ങൾ പുതിയ പേരിൽ നടത്തുന്ന സംഘടനയ്ക്കുശശികുമാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കോയന്പത്തൂരിൽ ഉയർന്നുവരുന്ന മതത്തിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾ തുടക്കത്തിലേ ഇല്ലാതാക്കണമെന്നും ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു.