സ്വന്തം ലേഖകന്‍
തൃശൂര്‍: ഐഎസ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ആഷിഫ് എന്ന മതിലകത്ത് കൊടയില് അഷ്റഫിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
രാജ്യത്ത് കേരളത്തിലടക്കം ആരാധനാലയങ്ങള്‍ക്കും സമുദായ നേതാക്കള്ക്കുംനേരേ ആക്രമണം നടത്താന്‍ പിടിയിലായ സംഘം പദ്ധതി ആസൂത്രണം ചെയ്തിരുന്നതായ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചു.
സംസ്ഥാനത്തെ ചില സമുദായങ്ങളുടെ നേതാക്കളെ ആക്രമിക്കുന്നതിനും അതുവഴി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും ഭീകരത പടര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്നു ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.
ആഷിഫ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റോടെ തീവ്രവാദികളുടെ ഈ പദ്ധതി തകര്‍ക്കാന്‍ സാധിച്ചതായി എന്‍ഐഎ ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയ കുറിപ്പില്‍ അറിയിച്ചു.
കേരളം ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ തകര്‍ക്കാന്‍ സാധിച്ചതായും എന്‍ഐഎ അവകാശപ്പെട്ടു. വിശദമായ അന്വേഷണം തുടരും.ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്തുള്ള ഒളിത്താവളത്തില്‍നിന്നു പിടികൂടുമ്പോള്‍ എന്‍ഐഎക്ക് ഇയാളെക്കുറിച്ച് ഫണ്ട് പൂളിന്റെ പ്രധാനി എന്ന വിവരമാണുണ്ടായിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഐഎസിന്റെ തീവ്രപ്രവര്ത്തകനാണെന്ന വിവരം പുറത്തുവരുന്നത്.
വിശ്വസനീയമായ വിവരങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്‍ഐഎ ഇന്റലിജന്‍സും കേരളാ പോലീസിന്റെ തീവ്രവാദ സേനയുമായി (എടിഎസ്) ചേര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂരും പാലക്കാടുമടക്കം നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. തൃശൂരില്‍ മൂന്നിടത്തും പാലക്കാട് ജില്ലയിലെ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്.
ആഷിഫിന്റെ വീട്ടിലും സെയ്ദ് നബീല്‍ അഹമ്മദ്, ടി.എസ്.ഷിയാസ് എന്നിവരുടെ തൃശൂരിലെ വീടുകളിലും പാലക്കാട് സ്വദേശി റയീസിന്റെ വീട്ടിലും പരിശോധനകള്‍ നടത്തിയപ്പോള്‍ പല പ്രധാന വിവരങ്ങളും രേഖകളും കണ്ടെത്താനായി. ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഐഎസ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുമായി ഫണ്ട് സ്വരൂപിക്കുന്നതില്‍ കേരള മൊഡ്യൂള്‍ വളരെ സജീവമായിരുന്നുവെന്നാണ് എന്‍ഐഎ നല്കുന്ന വിവരം.
തട്ടിപ്പുകളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തി, പണം കണ്ടെത്തുന്നതിനോടൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിവരികയായിരുന്നുവത്രെ. ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലെ ഐഎസിനെ തകര്‍ക്കുന്നതില്‍ വന്‍ വിജയം കൈവരിച്ചുവെന്നാണ് ഔദ്യോഗികമായി എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.