സൈനിക ക്യാമ്പില്‍ നല്‍കുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞ് വീഡിയോ ഇറക്കിയതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ വാരണാസിയില്‍ മത്സരിക്കും. മോശം ഭക്ഷണം നല്‍കിയത് പരസ്യമാക്കിയതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് കാണിച്ചായിരുന്നു തേജ് ബഹദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇദ്ദേഹത്തിന്റെ വീഡിയോ അന്ന് വൈറലായി മാറുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്നും മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സ്വതന്ത്രനായാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിക്കുകയോ തോല്‍ക്കുകയോ അല്ല തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.’സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല,’ തേജ് പറഞ്ഞു. ജനുവരി 2017ലാണ് സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് തേജ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.