സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതോടെ സംസ്ഥാനത്തെ തീരമേഖലയില്‍ അതീവ ജാഗ്രത. കടല്‍ മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും രക്ഷപ്പെടാനുമുള്ള സാധ്യതമുന്‍നിര്‍ത്തിയാണ് കോസ്റ്റല്‍ പോലീസ് പരിശോധന ശക്തമാക്കിയത്. അതിഥി തൊഴിലാളികളുടെ വേഷത്തിലായിരുന്നു കൊച്ചിയില്‍ തീവ്രവാദികള്‍ താമസിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ തീരമേഖലകളിലും ഹാര്‍ബറുകളിലും പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
കേരള തീരത്ത് നേരത്തെ തന്നെ പരിശോധന ശക്തമാക്കിയിരുന്നതായും നിലവില്‍ കൂടുതല്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടരുന്നുണ്ടെന്നും കോസ്റ്റല്‍ എഡിജിപി ഇ.ജെ.ജയരാജ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. കോസ്റ്റല്‍ ഇന്റലിജന്‍സും മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ട്കൊച്ചി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍ എന്നിവിടങ്ങളിലാണ് തീരദേശ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം രാത്രിയും പകലും കടലിലും തീരമേഖലകളിലും പട്രോളിംഗ് നടത്തുന്നുണ്ട്.
ഇതിന് പുറമേ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായവും കോസ്റ്റല്‍ പോലീസ് തേടും. മത്സ്യതൊഴിലാളികള്‍ക്കും കടല്‍ കടലോര ജാഗ്രതാ സമിതിയ്ക്കും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ ഏന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം കോസ്റ്റല്‍ പോലീസിനേയോ കോസ്റ്റ്ഗാര്ഡിനേയോ അറിയിക്കണം . 24 മണിക്കൂറും തീരദേശവുമായി ബന്ധപ്പെട്ടുള്ള പോലീസ് സ്റ്റേഷനുകളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വടക്കന്‍ കേരളം കേന്ദ്രീകരിച്ച് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഈ മേഖലകളില്‍ പ്രത്യേകം പരിശോധന നടത്തിവരികയാണ്.
ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് കഴിഞ്ഞ ദിവസം തീരമേഖലയിലുള്ള ഹോട്ടലുകളിലും മറ്റും പരിശോധന നടത്തിയിരുന്നു. വടക്കന്‍ കേരളം കേന്ദ്രീകരിച്ച് മൂന്ന് ഐഎസ് ഘടകങ്ങള്‍ ശക്തി പ്രാപിച്ചതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ഘടകം,കണ്ണൂര്‍ ഘടകം, ഒമര്‍ അല്‍ ഹിന്ദി ഘടകം എന്നീ മൂന്നു ഘടകങ്ങളാണ് ഐഎസ് അനുഭാവം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിച്ചു വരികയാണ്. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സും അന്വേഷിക്കുന്നുണ്ട്.