കൊച്ചി: ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു പിടിയിലായ ഭീകരര്‍ക്കു കേരളത്തില്‍നിന്നും സഹായം ലഭിച്ചിരുന്നതായി സംശയം ബലപ്പെടുന്നു.
ആദ്യമായിട്ടാണ് അല്‍ ഖ്വയ്ദ തീവ്രവാദികളെ കേരളത്തില്‍നിന്നും എന്‍ഐഎ അറസ്റ്റു ചെയ്യുന്നത്. ഇവര്‍ക്കു സഹായം നല്‍കിയിരുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കായി എന്‍ഐഎ വലവിരിച്ചു കഴിഞ്ഞു.
മിലിട്ടറി ഇന്റലിജന്‍സും ഐബിയും എന്‍ഐഎയും തീവ്രവാദ വേരുകള്‍ അറുത്തു കളയാനുള്ള നീക്കം ശക്തമാക്കുമ്പോഴും കേരളപോലീസിനു ഇതു സംബന്ധിച്ചു യാതൊരു അറിവും ലഭിക്കുന്നില്ല.
അതിഥി തൊഴിലാളികളായി വര്‍ഷങ്ങള്‍ ഇവിടെ താമസിച്ചു ഭീകരപ്രവര്‍ത്തനത്തിനു കളമൊരുക്കുന്ന രീതിയായിരുന്നു സംഘം തയാറാക്കിയിരുന്നത്.
ഇവിടേയ്ക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ആയെന്നതും സ്ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കില്‍ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കൂടുതല്‍ പേരെ ഇവര്‍ കേരളത്തില്‍നിന്ന് അല്‍ ഖ്വയ്ദ റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
സംഘത്തലവനായ മുര്‍ഷിദ് ഹസന് അല്‍ ഖ്വയ്ദ പാക് കമാന്‍ഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിരിക്കുന്നത്. പാക്കിസ്ഥാനിലുള്ള ഇവരുടെ കമാന്‍ഡര്‍ ഉറപ്പുനല്കിയിരുന്ന ആയുധങ്ങള്‍ക്കായി ജമ്മു കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കു യാത്ര ഒരുങ്ങാന്‍ തയാറെടുക്കുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്.
രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതില്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് അല്‍ ഖ്വയ്ദ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്സ് ആപ്പ് വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു.
കേരളത്തില്‍ നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസന് പശ്ചിമ ബംഗാളില്‍ തീവ്രചിന്താഗതിക്കാരായവരുടെ ഇടയില്‍ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകരമായ പോസ്റ്റുകള്‍ ഇട്ടിരുന്നു ഇയാള്‍. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്.
ഹസനാണ് പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദ കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും ആയുധങ്ങള്‍ എത്തിക്കാമെന്ന് ഇയാള്‍ ഹസന് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ഭീകരരില്‍ ചിലര്‍ നാടന്‍ തോക്കുകളും നിര്‍മിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയും കേന്ദ്രസര്‍ക്കാരും അമേരിക്കന്‍ ചാരസംഘടനകളുമെല്ലാം കേരളം, കര്‍ണാടകം എന്നിവിടങ്ങളിലെ ഐഎസ് തീവ്രസാന്നിധ്യക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഭീകരരുടെ സ്ലീപ്പര്സെല്ലുകള്ക്കു കേരളം സുരക്ഷിത താവളമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള റിപ്പോര്‍ട്ട്.
ഭീകരുടെ രഹസ്യ ഇടപാടുകള്‍ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുമായി ചേര്‍ന്നു എന്‍ഐഎയും ഐബിയും ഓപ്പറേഷന് ചക്രവ്യൂഹ എന്ന നിരീക്ഷണസംവിധാനം ഒരുക്കിയിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ ഡേറ്റാ വിശകലനം ചെയ്ത് ഭീകരസാന്നിധ്യം കണ്ടെത്തുന്ന സോഫ്റ്റ്വെയറുണ്ട്. സന്ദേശങ്ങള്‍ ഡീ കോഡ് ചെയ്യാനും ഉറവിടം കണ്ടെത്താനും കഴിയും. ഇവരെ നിരീക്ഷിച്ച് പ്രശ്നക്കാരാണെന്ന് കണ്ടാല്‍ അറസ്റ്റുചെയ്യും.
കാശ്മീര്‍ തീവ്രവാദികളെ കണ്ടെത്തിയതും ഇപ്പോള്‍ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ഒമ്പതു തീവ്രവാദികളെ പിടികൂടിയതും ഈ മാര്‍ഗത്തിലൂടെയാണ്. സംശയാസ്പദമായ സൈബര്‍ ബന്ധങ്ങളുള്ള 140 പേര് ഇവരുടെ നിരീക്ഷണത്തിലാണ്.