കൊച്ചി: ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു കടന്നതായ മുന്നറിയിപ്പുകളെത്തുടർന്നു തമിഴ്നാട്ടിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കവേ കൊച്ചിയിലും കനത്ത ജാഗ്രത. മിലിട്ടറി ഇന്റലിജൻസിന്റെയും എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പുകളെത്തുടർന്നു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.
മെറ്റൽ ഡിറ്റക്ടർ, ബോംബ് സ്ക്വാഡ് എന്നിവ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണു പരിശോധന. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാവിലെവരെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവയടക്കം നാനൂറോളം ഇടങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.
രാത്രിയിലടക്കം വിവിധ മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ അടക്കം ആളുകൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെയാണു നിരീക്ഷണം നടക്കുന്നത്. ഇതിനായി ഏആർ ക്യാന്പുകളിൽനിന്നടക്കം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിശോധനകൾക്കിടെ സംശയം തോന്നുവരെ ചോദ്യം ചെയ്യുന്നുണ്ട്.
ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണു പരിശോധനകൾ. തീരദേശ മേഖലകളിൽ സംശയാസ്പദമായി കാണുന്നവരെ സംബന്ധിച്ച വിവരം അറിയിക്കാനും മുന്നറിയിപ്പ് നൽകികഴിഞ്ഞു. മത്സ്യബന്ധനത്തിനുൾപ്പെടെ കടലിൽ പോകുന്ന ബോട്ടുകളെ നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായി കണ്ടെത്തുന്ന ബോട്ടുകൾ സംബന്ധിച്ച വിവരം നൽകണമെന്നു മത്സ്യത്തൊഴിലാളികളോടും ആവശ്യപ്പെട്ടു.
275 ലോഡ്ജുകളിലും 100 ഹോം സ്റ്റേകളിലുമടക്കമാണ് ഇതിനോടകം പരിശോധന നടത്തിയത്. സന്ദർശകരുടെ വിവരങ്ങളും കൃത്യമായ രേഖകളും സൂക്ഷിക്കണമെന്നുള്ള നിർദേശങ്ങളും ഇവർക്ക് കൈമാറി. തീരദേശ മേഖലകൾക്കു പുറമെ റോഡ് മാർഗമുള്ള പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.
ഇതിനായി വിവിധയിടങ്ങളിൽ പ്രത്യേക സംഘം പരിശോധന നടത്തിവരികയാണ്. കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളോടും സുരക്ഷ ശക്തമാക്കണമെന്ന നിർദേശം നൽകികഴിഞ്ഞു. നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണു കൊച്ചിയിൽ പ്രവർത്തിച്ചുവരുന്നത്.
ഇവിടങ്ങളിലുള്ള സെക്യൂരിറ്റി സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാണെന്നു ഉറപ്പുവരുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വ്യാഴാഴച ഉച്ചയോടെയാണു കൊച്ചി സിറ്റി പോലീസിന് മിലിട്ടറി ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. ഇതേത്തുടർന്ന് ഉണർന്നു പ്രവർത്തിച്ചുവരവെ, രാത്രിയോടെ എഡിജിപി ഇന്റലിജൻസിന്റെയും മുന്നറിയിപ്പും ലഭിക്കുകയായിരുന്നുവെന്നും ഇതോടെ സുരക്ഷ കൂടുതൽ കർശനമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.