കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് ഉദ്ദേശമില്ല എന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സ്ത്രീ ചാവേറുകളെ ഉപയോഗിക്കുന്നതിനു പുറമേ ഇപ്പോള്‍ കൈക്കുഞ്ഞുങ്ങളേയും ചാവേറുകളാക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങളുമായി ചെക്ക്‌പോസ്റ്റ് കടന്നാല്‍ പ്രദേശവാസികളെന്ന് കരുതി സുരക്ഷാഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്‌ക്കൊന്നും മുതിരില്ല. ഇതു മനസ്സിലാക്കിയ സംഘമാണ് കഴിഞ്ഞ ദിവസം മൈദുഗുരിയില്‍ ചാവേറായി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ചെക്ക്‌പോസ്റ്റ് കടന്ന ഉടന്‍ സംഘത്തിലെ സ്ത്രീകളും കുഞ്ഞുങ്ങളും പൊട്ടിത്തെറിച്ചു.
ഇവരെ കൂടാതെ ഒപ്പമുണ്ടായിരുന്ന മറ്റുനാലുപേരും സംഭവസ്ഥലത്ത് മരിച്ചു. സ്ത്രീകളെ ചാവേറുകളായി ഉപയോഗിക്കുന്ന പതിവ് നേരത്തെയുണ്ടെങ്കിലും ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ അതിനായി ഉപയോഗിക്കുന്നത് വളരെ അപകടകരമായ പ്രവണതയാണെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ബോക്കോ ഹറാമാണെന്നാണു കരുതപ്പെടുന്നത്. നൈജീരിയയിലെ സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ നിഷ്‌കളങ്കരായ നിരവധിയാളുകളുടെ ജീവനാണ് പൊലിയുന്നത്. കഴിഞ്ഞ ഡിസംബറില്‍ രണ്ട് സ്ത്രീ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. അതിന് മുമ്പ് സമാനമായ മറ്റൊരു ആക്രമണത്തില്‍ 25 പേരും കൊല്ലപ്പെട്ടിരുന്നു