ന്യൂഡൽഹി: ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ടശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണമാണിത്. മകൻ സയീബ് വാസെദാണ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
ഹസീനയുടെ പിതാവ് ഷേഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണം ഓഗസ്റ്റ് 15നാണ്. ഈ ദിവസം രാജ്യത്ത് നൽകിയിരുന്ന അവധി ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു. പ്രക്ഷോഭത്തിൽ മുജീബുർ റഹ്മാന്റെ പ്രതിമകളും മ്യൂസിയങ്ങളും തകർക്കപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണു ഹസീനയുടെ പ്രസ്താവന. “രാഷ്ട്രപിതാവ് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു’ -ഹസീന പറഞ്ഞു.
അതിനിടെ പ്രക്ഷോഭത്തിനിടയിലെ പോലീസ് വെടിവയ്പിൽ ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി ഇടക്കാല സർക്കാർ കേസെടുത്തു.