കോട്ടയം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പുണ്ടായ സാഹചര്യത്തിൽ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ. തിരക്കുള്ള സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തി വരുന്നു. ജില്ലയിൽ മഫ്തിയിലും യൂണിഫോമിലും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ടൗണുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ആളുകൾ കൂടുന്ന മറ്റു തിരക്കുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തും.
ഇന്നലെ രാത്രി തിരുനക്കര, നാഗന്പടം, കെഎസ്ആർടിസി സ്റ്റാൻഡുകളിൽ പോലീസ് പരിശോധന നടത്തി. ഈ സ്ഥലങ്ങൾ എപ്പോഴും നീരീക്ഷണത്തിലാണ്. ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിലും സംസ്ഥാന പോലീസ് മേധാവി ജാഗ്രതാ നിർദേശം നൽകിയത്.
റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കളക്ടറേറ്റിലും പ്രധാന ഓഫീസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്രാട ദിനമായ ഇന്ന് ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിൽ മഫ്തിയിലും യൂണിഫോമിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നൂറിലേറെ പോലീസിസുകാരെയാണ് വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.