വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയും നിരന്തര ബോംബാക്രമണം നേരിടുന്ന യുക്രെയ്നുവേണ്ടിയും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
മരിച്ചവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
“ദൈവം അവരെ തന്റെ സമാധാനത്തിലേക്ക് സ്വീകരിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യട്ടെ. എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കടട്ടെ. “കൊല്ലരുത്” എന്നു കൽപ്പിച്ച ദൈവത്തെ വ്രണപ്പെടുത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ അവൻ പരിവർത്തനം ചെയ്യട്ടെ” മാർപാപ്പ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങൾ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും നമുക്ക് ഓർക്കാം. -മാർപാപ്പ പറഞ്ഞു.
ഈസ്റ്ററിലേക്കുള്ള യാത്ര പരിശുദ്ധ കന്യകാമറിയത്തെ ഏൽപ്പിച്ചുകൊണ്ട് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാൻ ക്രൈസ്തവരോട് മാർപാപ്പ ആഹ്വാനം ചെയ്തു. പുനരുത്ഥാനത്തിന്റെ സന്തോഷത്തിൽ എത്തിച്ചേരുന്നതിന് വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ യേശുവിനോട് അടുക്കാൻ പരിശുദ്ധ അമ്മയിൽനിന്ന് നമുക്ക് പഠിക്കാം.”-മാർപാപ്പ പറഞ്ഞു. ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച മാർപാപ്പ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകിയില്ല.