പാരീസ്: സ്ട്രാസ്ബർഗിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തി അഞ്ചുപേരെ വധിച്ച ഷെരീഫ് ഷെഖാത്തിന് ആയുധം നല്കി സഹായിച്ച ഓഡ്രി മോൺയെഹിയയ്ക്ക് (42) ഫ്രഞ്ച് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു.
2018 ഡിസംബർ 11ന് ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട ഷെരീഫിനെ ഫ്രഞ്ച് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
തോക്കും കത്തിയുമുപയോഗിച്ച് ഷെരീഫ് നടത്തിയ ആക്രമണത്തിൽ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനുപയോഗിച്ച തോക്ക് നല്കിയത് ഓഡ്രിയാണെന്നു കണ്ടെത്തി. ഇരുവരും ജയിലിൽ ഒരേ സെല്ലിൽ കഴിഞ്ഞിട്ടുള്ളവരാണ്.
അതേസമയം ഓഡ്രിക്കെതിരേ ഭീകരാക്രമണക്കുറ്റം തെളിഞ്ഞിട്ടില്ല. തോക്ക് നല്കിയത് ഭീകരാക്രമണത്തിനാണെന്ന് ഇയാൾക്കറിയില്ലായിരുന്നു.ഷെരീഫിനെ സഹായിച്ചതിന് മറ്റു രണ്ടു പേർക്ക് ചെറിയ ശിക്ഷകൾ ലഭിച്ചു. കേസിൽ പ്രതിയായിരുന്ന നാലാമനെ വെറുതേവിട്ടു.