സ്വന്തം ലേഖകൻ
തൃശൂർ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൃശൂരിലും സുരക്ഷ പരിശോധന വ്യാപകം. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് തൃശൂരിലും പരിശോധനകൾ നടത്തുന്നത്. ഓണത്തലേന്ന് തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
തിരക്കേറിയ ഇടങ്ങളിലെല്ലാം മഫ്ടിയിലും അല്ലാതെയും പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പുലിക്കളി കൂടി കഴിഞ്ഞേ ഇനി നഗരത്തിലെ സുരക്ഷ ക്രമീകരണങ്ങളിൽ അയവുണ്ടാകുകയുള്ളു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.