ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഐഎസ്ഐസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷാനവാസ് ഉൾപ്പെടെ മൂന്നു പേർ ജയ്പുരിൽ അറസ്റ്റിൽ. ഒളിയിടത്തിൽനിന്നു ഡൽഹി പോലീസിന്റെ പ്രത്യേകദൗത്യ സംഘമാണ് മൂന്നു ഭീകരരെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് മറ്റു രണ്ടു പേർ. അറസ്റ്റിലായ മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. ഇവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഈ സംഘത്തിന്റെ നേതൃത്വത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്നു ഡൽഹി പോലീസ് പറഞ്ഞു.
മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമാണ് സംഘം ലക്ഷ്യമിട്ടത്. ഇവരുടെ യാത്രാവഴികളിൽ ഐഇഡി സ്ഫോടനമായിരുന്നു ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സംഘം പരീക്ഷണാർഥം സ്ഫോടനങ്ങൾ നടത്തിയിരുന്നു.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും ഇവർ പദ്ധതിയിട്ടു. സ്ഫോടനം നടത്തിയശേഷം അഫ്ഗാനിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതി.
ഷാനവാസ് കേരളത്തിലും എത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ വ്യക്തമാക്കി.
കോടതി ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ട മൂന്നു പേരുടെയും ചോദ്യംചെയ്യൽ തുടരുകയാണ്. പഠനകാലത്താണ് ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായത്. ഷാനവാസ് ബോംബ് നിർമാണത്തിനും പരിശീലനം നേടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.