ന്യൂഡൽഹി: ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ സുരക്ഷ കൂടുതൽ വർധിപ്പിച്ചു.
രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയോടെ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സീ ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സുരക്ഷ ഏജൻസികൾ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും സീ ന്യൂസ് റിപ്പോർട്ടിലുണ്ട്. ഭീകരവാദികളിൽ ചിലർ ജമ്മു കാഷ്മീരിൽനിന്നുളളവരാണെന്നാണ് വിവരം.
കാഷ്മീരിൽ നിന്നുള്ളവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ ഇതിനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നഗരത്തിൽ ആളുകൾ കൂടുന്ന എല്ലാ ഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ, ബസ് സ്റ്റാൻഡുകൾ, പ്രധാന ഹോട്ടലുകൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ കർശഷനമാക്കിയിട്ടുണ്ടെന്നാണ് വിവരം.