തിരുവനന്തപുരം: സംസ്ഥാനത്തെ അൽ-ഖ്വായ്ദ സാന്നിധ്യം ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണിത്. ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരളത്തിൽ എക്കാലത്തും സർക്കാരുകൾ സ്വീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മത ഭീകരവാദ ശക്തികൾ വലിയ തോതിൽ സ്വാധീനമുറപ്പിച്ചു. അടുത്തിടെ കേന്ദ്രസർക്കാരും ഒരു മാസം മുൻപ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് പോലും സർക്കാർ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിൽ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച സിമിയുടെ പ്രവർത്തകനാണെന്ന് പിണറായി വിജയന് അറിയാവുന്ന കാര്യമാണ്.
ജലീൽ സിമിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.കനകമലയിൽ അടക്കം നടക്കുന്ന ഭീകരവാദ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ഭീകര വിരുദ്ധ സേനയ്ക്ക് യാതൊരു അനക്കവും ഇല്ല. കേരള പോലീസിൽ ഉള്ള ഭീകരവാദ സാന്നിധ്യം സംബന്ധിച്ചും നടപടിയുണ്ടായില്ല. ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നത്.
ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയമാണ് കേരളത്തലുള്ളത്. പെരുന്പാവൂർ ഭാഗത്തു പതിനായിരക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ഇതിൽ ബംഗ്ലാദേശിൽ നിന്ന് ഉൾപ്പെടെ വന്നവരുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.