കോഴിക്കോട്: വഖഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവിധ മുസ്ലിം സംഘടനകളും ലീഗും ചേരിതിരിഞ്ഞതോടെ സംസ്ഥാനത്തു തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങിയതായി റിപ്പോര്‍ട്ട്.
കോഴിക്കോട് നടന്ന വഖഫ് സമ്മേളനത്തില്‍ ഉള്‍പ്പെടെ ഈ തീവ്രനിലപാടുകാരുടെ സാന്നിധ്യം പ്രകടമായിരുന്നതായും വര്‍ഗീത ചേരി തിരിവ് മുന്‍പില്ലാത്തവിധം രൂക്ഷമായതായും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തീവ്രനിലപാടുകാരും- മൃദു സമീപനക്കാരും എന്ന നിലയിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതു സംസ്ഥാനത്ത് അനിതരസാധാരണയായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതാണ് നല്ലതെന്നാണു പോലീസ് പറയുന്നത്.കഴിഞ്ഞദിവസങ്ങളില്‍ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ വലിയ രീതിയിലുള്ള വര്‍ഗീയ ചേരിതിരിവിനു കാരണമായിട്ടുണ്ട്.
മുസ്ലിംലീഗില്‍ത്തന്നെ ഇതു ഭിന്നാഭിപ്രായത്തിനു വഴിതെളിയിക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ ആളിക്കത്തിയാല്‍ രാജ്യവിരുദ്ധശക്തികള്‍ ഏറ്റെടുത്തു പ്രക്ഷോഭത്തില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും പ്രത്യേകിച്ചും മലബാറിലെ അവസ്ഥ അതാണെന്നും പോലീസ് പറയുന്നു.
മോസ്കുകൾ സമര കേന്ദ്രങ്ങളാക്കുമെന്ന രീതിയിലുള്ള പ്രചാരണം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കം വലിയ രീതിയിലേക്കുള്ള പ്രശ്നങ്ങളിലേക്കാണ് പോകുന്നത്.
വിഷയത്തില്‍ മറ്റ് തീവ്രസംഘടനകള്‍ മുതലെടുപ്പിനു ശ്രമിച്ചാല്‍ അതു വലിയ പ്രതിസന്ധിയുണ്ടാക്കും. ലീഗിലും ലീഗിനെ പിന്തുണയ്ക്കുന്നവരിലും വിള്ളല്‍ ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ശ്രമം വിജയിച്ചുവെന്ന ചിന്താഗതിയും പരക്കെയുണ്ട്.
അതേസമയം, വിഷയത്തില്‍ കൂടുതല്‍ കരുതലോടെ നീങ്ങാനാണ് മുസ്ലിം ലീഗ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടിയെന്നനിലയില്‍ ലീഗിനെ പൂട്ടാനുള്ള നീക്കമാണ് സിപിഎം നേതാക്കള്‍ നടത്തുന്നതെന്ന് ലീഗ് കരുതുന്നു.
വഖഫ് നിയമന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകാനുള്ള എല്ലാ സാഹചര്യവും ലീഗ് കാണുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് മറ്റ് വിഭാഗങ്ങള്‍ക്കു നല്‍കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നേതാക്കള്‍ക്കു മനസിലായിട്ടുണ്ട്.