ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾ ലഷ്കർ ഇ തൊയിബ കൊടുംഭീകരൻ ഉസൈർ ഖാനാണെന്ന് സംശയിക്കുന്നതായി സേനാവൃത്തങ്ങൾ.
ശനിയാഴ്ച അനന്ത്നാഗില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഉസൈറിന്റേതാണെന്നാണ് സംശയം.
ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ ഉസൈറിന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.അതേസമയം, കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ഇന്നും തുടരും. ‘
സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിക്കും. ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.
സമീപഗ്രാമങ്ങളിലേക്കും സൈനികനീക്കം വ്യാപിപ്പിച്ചിട്ടുണ്ട്. നിബിഡ വനമേഖലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഭീകർക്കായി തെരച്ചിൽ.
കഴിഞ്ഞ 13നു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ കേണലും മേജറും ഒരു ജവാനും കാഷ്മീർ പോലീസ് ഡിവൈഎസ്പിയും വീരമൃത്യു വരിച്ചിരുന്നു.
ഇന്നലെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നു സംശയിക്കുന്ന വനമേഖലയിലേക്ക് സുരക്ഷാ സേന പലതവണ ഷെല്ലാക്രമണം നടത്തി. ഗുഹപോലെയുള്ള നിരവധി ഒളിയിടങ്ങൾ വനത്തിലുണ്ട്.
ഭീകരരുടെ ഒളിയിടം അറിയാൻ നിരന്തരം ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ച ഒളിയിടത്തിനു നേർക്കുണ്ടായ ഷെല്ലാക്രമണത്തിൽനിന്നു ഭീകരൻ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യം ഡ്രോൺ പകർത്തിയിരുന്നു.
ജനവാസകേന്ദ്രത്തിലേക്കു ഭീകരർ രക്ഷപ്പെടാതിരിക്കാൻ തൊട്ടടുത്തുള്ള പോഷ് ക്രീരി മേഖലയും സൈന്യം വളഞ്ഞിട്ടുണ്ട്.