നമ്മുടെ നാട്ടില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന എത്തുന്നവരില്‍ നല്ലൊരു പങ്കും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ എന്നു വിവരം. ബംഗാളികളായി കേരളത്തിലെത്തിയവരില്‍ ബംഗ്ലാദേശി തീവ്രവാദികളും കൊടുംകുറ്റവാളികളുമുണ്ടെന്ന വിവരം കേരളത്തിലെ ആളുകളെ ആശങ്കപ്പെടുത്താന്‍ പോന്നതാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയതോടെയാണ് ബംഗ്ലാദേശുകാരുടെ സാന്നിധ്യം വലിയ തോതിലുണ്ടെന്നു സ്ഥിരീകരിച്ചത്.കെട്ടിട നിര്‍മാണത്തൊഴിലാളികളാണു വാഴക്കാട്ട് അറസ്റ്റിലായത്. ഇവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായിരുന്നു.
ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവരുടെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നാണ് സൂചന. സംസ്ഥാനത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിനു ബംഗാളികള്‍ തൊഴിലെടുക്കുന്നുണ്ട്. ഏകദേശം 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.
മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു കേരളത്തില്‍ കൂടുതലെങ്കില്‍ ബംഗാളികളുടെയും വടക്കു-കിഴക്കന്‍ സംസ്ഥാനക്കാരുടെയും കുത്തൊഴുക്കോടെ തമിഴന്മാരുടെ വരവു കുറഞ്ഞു. ഏജന്റുമാര്‍ മുഖേന കേരളത്തില്‍ എത്തുന്ന ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന ചട്ടം പാലിക്കപ്പെടാറില്ല. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പമാണ് ബംഗ്ലാദേശുകാര്‍ ഇവിടെയെത്തുന്നത്. ഇവരില്‍ ക്രിമിനലുകള്‍ ഉണ്ടോ എന്ന് അറിയാന്‍ പലപ്പോഴും കഴിയാറില്ല. പോലീസ് അന്വേഷിച്ചുവരുമ്പോഴായിരിക്കും ഇവരുടെ തനിനിറം മനസിലാകുക. ഒരു ജില്ലയിലും ബംഗ്ലാദേശികളെക്കുറിച്ച് വ്യക്തമായ കണക്കില്ലെന്നാണു വിവരം. കരാറുകാര്‍ മുഖേന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് ഇവര്‍ ഇവിടെ താമസമുറപ്പിക്കുന്നത്.
കോഴിക്കോട്ടുനിന്ന് കഴിഞ്ഞ വര്‍ഷം ബോഡോ തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാളികള്‍ക്കൊപ്പം കേരളത്തിലെത്തി കോഴിക്കോട് കക്കോടിയില്‍ നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്ന ആളാണു പിടിയിലായത്. കൊക്രജാര്‍ കലാപത്തില്‍ ബംഗ്ലാദേശ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളായിരുന്നു ഇയാള്‍. ഈ സംഭവത്തിനുഷേം പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് അതു നിലച്ചു. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുടെ പ്രതിസ്ഥാനത്ത് ഇവരുടെ പേര് വന്നു കൊണ്ടിരിക്കുന്നത് സ്ഥിതിഗതികള്‍ ആശങ്കാജനകമാക്കുകയാണ്.