ഭയമില്ലാത്ത മനുഷ്യൻമാരെ സംബന്ധിച്ചടുത്തോളം അവർ ജീവിതത്തിൽ വളരെ കരുത്തരായിരിക്കും. എന്ത് തീരുമാനം എടുക്കണമെങ്കിലും അവർക്ക് അധികം ചിന്തിച്ച് കുഴയേണ്ടതായി വരില്ല. എന്നാൽ ശരീരത്തിനേറ്റ പൊള്ളലും മനസിനേറ്റ ഭയവും മറികിടന്ന് അഗ്നിശമന സേനയിൽ ജോലി നേടിയിരിക്കുകയാണ് ടെറി മക്കാർത്തി എന്ന യുവാവ്.
ജീവിതത്തിൽ ഈ 26 കാരൻ നേരിട്ട പരിഹാസങ്ങളും വേദനകളും തരണം ചെയ്ത കഥ ആർക്കും പ്രചോദനമാകുന്ന ഒന്നാണ്. ടെറിയ്ക്ക് ആറ് വയസുള്ളപ്പോഴാണ് ഒരു പാത്രം മണ്ണെണ്ണ ശരീരത്തിലേക്ക് വീഴുന്നതും തീപടർന്ന് പൊള്ളലേൽക്കുന്നതും. 70 ശതമാനത്തോളം പൊള്ളലാണ് അന്ന് ടെറിക്കേറ്റത്.
തന്റെ ശരീരത്തിനേറ്റ പൊള്ളലിനെക്കാളും ടെറിയെ വേദനിപ്പിച്ചത് ആളുകളുടെ പരിഹാസമായിരുന്നു. എന്നാൽ ആ ഭയത്തെയും പരിഹാസത്തെയും വേദനകളെയും മറികിടന്ന് ടെറി ഇന്ന് വാഷിംഗ്ടണിൽ അഗ്നിശമന സേനയിൽ ജോലി നേടി.12 ആഴ്ചത്തെ കഠിനമായ ട്രെയിനിങ് കാലയളവ് വളരെ പ്രയാസകരമായിരുന്നിട്ടും ടെറി തന്റെ കഠിനപ്രയത്നം കൊണ്ട് ജോലി നേടി.
ട്രെയിനിംഗ് പൂർത്തി ജോലിയിൽ പ്രവേശിച്ച ടെറി, തീ അണച്ച് ആളുകളുടെ രക്ഷകനായി മാറുമ്പോൾ തന്റെ ഭയത്തിനെതിരെ കൂടിയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കി. ഇങ്ങനെ ചെറുപ്പം മുതൽ തന്നെ വേട്ടയാടിയ പേടിപ്പിക്കുന്ന സ്വപ്നങ്ങളേയും ടെറി അതിജീവിച്ചു.