സതാംപ്ടണ്: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ സതാംപ്ടണിൽ ആരംഭിക്കും. നോട്ടിങാമിൽ ഉജ്വല ജയം നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ നാളെ ഇറങ്ങുക. ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ടെസ്റ്റിൽ 203 റണ്‍സിന്റെ ജയമാണ് നേടിയത്.
പരന്പരയിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. ആറ് ഇന്നിംഗ്സിൽനിന്ന് 73.33 ശരാശരിയിൽ 440 റണ്‍സ് കോഹ്ലി ഇതിനോടകം നേടിക്കഴിഞ്ഞു. ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ബാറ്റിംഗിൽ താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. ഒപ്പം ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് മികവ് പുറത്തെടുക്കുന്നതും സന്ദർശകർക്ക് പ്രതീക്ഷ നല്കുന്നു.
നോട്ടിങാമിൽ ജയം നേടിയ ടീമിനെ കോഹ്ലി നാളെയും നിലനിർത്തുമോയെന്നാണ് കണ്ടറിയേണ്ടത്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങിയ 38-ാം മത്സരമായിരുന്നു നോട്ടിങാമിലേത്. ഇതുവരെ ഒരു ടെസ്റ്റിൽപോലും മാറ്റമില്ലാത്ത ടീമിനെ ഇറക്കിയ ചരിത്രം കോഹ്ലിക്ക് ഇല്ല. ആ ചരിത്രം 39-ാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ തിരുത്തുമോയെന്നതാണ് അറിയേണ്ടത്.
ടീമിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് സതാംപ്ടണിൽ പരിശീലനത്തിനിറങ്ങിയപ്പോൾ ലഭിച്ചത്. മൂന്നാം ടെസ്റ്റിലെ ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ. രാഹുലുമാണ് നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയത്. തുടർന്ന് പൂജാര, കോഹ്ലി, രഹാനെ എന്നിവർ ഇറങ്ങി. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് തുടർന്ന് നെറ്റ്സിൽ പരിശീലനത്തിലേർപ്പെട്ടത്.
സീനിയർ ടീമിലേക്ക് ക്ഷണം ലഭിച്ച പതിനെട്ടുകാരനായ പൃഥ്വി ഷാ, ഇരുപത്തിനാലുകാരനായ ഹനുമ വിഹാരി എന്നിവരും പരിശീലനത്തിനായി മൈതാനത്ത് എത്തിയിരുന്നു. മുരളി വിജയ്, കുൽദീപ് യാദവ് എന്നിവർക്കു പകരമായാണ് ഷായും വിഹാരിയും നാലും അഞ്ചും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്.
ഇംഗ്ലണ്ട് ടീമിൽ വിരലിനു പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ അവസാന സംഘത്തിലുണ്ടാകുമോ എന്നാണ് അറിയേണ്ടത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിനിടെ പരിക്കേറ്റ ബെയർസ്റ്റോയ്ക്ക് പകരം ജോസ് ബട്ലർ ആണ് വിക്കറ്റിനു പിന്നിലെത്തിയത്. എന്നാൽ, ബെയർസ്റ്റോ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനെത്തിയിരുന്നു. അഞ്ച് ഇന്നിംഗ്സിൽനിന്ന് 206 റണ്‍സ് നേടിയ ബെയർസ്റ്റോയാണ് ഇംഗ്ലണ്ട് സംഘത്തിലെ ടോപ് സ്കോറർ. 170 റണ്‍സ് എടുത്ത ബട്ലറാണ് തൊട്ടുപിന്നിൽ.