ടി.പി സന്തോഷ് കുമാർ
തൊടുപുഴ: ഓണപ്പരീക്ഷയും അവധിയും കഴിഞ്ഞ് സ്കൂളുകളിൽ അധ്യയനം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴും രണ്ടാം വോള്യം പാഠ പുസ്തകങ്ങൾ എത്തിയിട്ടില്ല. ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് സ്കൂളുകളിൽ എത്താത്തത്. രണ്ടാം ഘട്ടത്തിൽ ഹൈസ്കൂളുകളിലെ പാഠ പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ചുരുക്കം ചില സ്കൂളുകളിൽ ഹൈസ്കൂൾ പുസ്തകങ്ങളും ലഭിക്കാനുണ്ട്.
ഈ മാസം സർക്കാർ അവധി കൂടിപ്പോയതാണ് പുസ്തകങ്ങൾ സ്കൂളുകളിൽ എത്താൻ വൈകുന്നതിനു കാരണമായി സംസ്ഥാന ബുക്ക് ഡിപ്പോ അധികൃതർ നിരത്തുന്ന ന്യായവാദം. കഴിഞ്ഞ വർഷം വരെ രണ്ടു വോള്യത്തിലാണ് സ്കൂളുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നതെങ്കിൽ ഈ വർഷം മുതൽ മൂന്നു വോള്യങ്ങളായാണ് പുസ്തകങ്ങൾ നൽകുന്നത്.
വിദ്യാർഥികൾക്ക് പുസ്തക ഭാരം കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു പരിഷ്ക്കാരം വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. ആദ്യ ടേമിൽ കാര്യമായ പരാതിക്കിട നൽകാതെ പുസ്തക വിതരണം നടത്തിയെങ്കിലും രണ്ടാം ടേമിലെത്തിയപ്പോൾ പുസ്തക വിതരണം താളം തെറ്റിയ നിലയിലാണ്.
അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് മിക്ക സ്കൂളുകളിലും ലഭിക്കാത്തത്. പ്രധാനമായും കണക്ക്, സോഷ്യൽ സയൻസ് പോലെയുള്ള സബ്ജക്ട് പുസ്തകങ്ങളാണ് ഇനിയും ലഭിക്കാത്തത്. ചില സ്കൂളുകളിൽ ഈ ക്ലാസുകളിലെ മലയാളം പുസ്തകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു. ആറാം ക്ലാസിൽ സോഷ്യൽ സയൻസ് ഒന്നാം വോള്യം പുസ്തകത്തിൽ രണ്ടാം ടേമിലെ ഒന്നാം പാഠഭാഗം അച്ചടിച്ചിരുന്നതിനാൽ ഇത് അധ്യാപകർ പഠിപ്പിച്ചു.
മറ്റു പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ അധ്യാപകർക്ക് ലഭിച്ചിട്ടുള്ള ഹാൻഡ്ബുക്ക് ഉപയോഗിച്ചാണ് പലരും രണ്ടാം ടേമിലെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നത്. കൂടാതെ ഇടുക്കി പോലെ തമിഴ്മീഡിയം സ്കൂളുകളുള്ള ജില്ലകളിൽ തമിഴ് പുസ്തകങ്ങളും ലഭിച്ചിട്ടില്ല. കൈ കൊണ്ടുള്ള ബൈന്റിംഗായതിനാൽ തമിഴ്മീഡിയം പുസ്തകങ്ങൾ എത്താൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.
കേരള പ്രിന്റിംഗ് ആന്റ് ബുക്ക്സ് പബ്ലിഷിംഗ് സൊസൈറ്റിക്കാണ് പാഠ പുസ്തകങ്ങളുടെ അച്ചടിയുടെ ചുമതല. എൽപി, യുപി ക്ലാസുകളിലെ അച്ചടിയും ബൈന്റിംഗും നടന്നു വരുന്നുണ്ടെങ്കിലും തുടർച്ചയായ അവധി വന്നതു മൂലം ജീവനക്കാർ ഇല്ലാത്തതിനാൽ അച്ചടിയും ബൈന്റിഗും വൈകുകയായിരുന്നു.
അച്ചടി പൂർത്തിയായ പുസ്തകങ്ങളുടെ വിതരണം ഇന്നലെ മുതൽ ആരംഭിച്ചെന്നു അധികൃതർ പറയുന്പോഴും സംസ്ഥാനത്തിന്റെ പല ഭാഗത്തും പുസ്തകങ്ങൾ എത്തിയിട്ടില്ലായെന്ന് പരാതിയുയർന്നിട്ടുണ്ട്. ഈ മാസം 20നു മുൻപ് പുസ്തക വിതരണം പൂർത്തിയാക്കുമെന്നാണ് സംസ്ഥാന ബുക്ക് ഡിപ്പോ ഓഫീസർ അറിയിച്ചത്.
എന്നാൽ വിതരണത്തിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ നില നിൽക്കുന്നുവെന്നും ഡിപ്പോ അധികൃതർ പറയുന്നു. നിലവിലുള്ള ജീവനക്കാർക്കു പുറമെ മറ്റും സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയാണ് അച്ചടിയും ബൈന്റിംഗും നടത്തുന്നത്. ഈ മാസം 22 മുതലാണ് പുതിയ വോള്യം പാഠപുസ്തകങ്ങൾ ആവശ്യമായി വരുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പുസ്തകങ്ങൾ എത്താൻ വൈകുന്നത് അധ്യാപകരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.