നല്ല ശീലങ്ങളില്‍ ഒന്നാണ് വായനാശീലം. ലോക പ്രശസ്തരായി മാറിയ പലരുടെയും ഹോബികളില്‍ ഒന്നായിരുന്നു ഈ പുസ്തകങ്ങുളോടുള്ള ചങ്ങാത്തം.
ഇപ്പോളിതാ തന്‍റെ ഇഷ്ടപുസ്തകം വാങ്ങാനെത്തിയ ഒരു ആണ്‍കുട്ടിയും പുസ്തകശാലയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ജപ്പാനില്‍ നിന്നുള്ള കോമിക്സ് അല്ലെങ്കില്‍ ഗ്രാഫിക് നോവലുകള്‍ക്ക് പൊതുവെ പറയാറുള്ള പേരാണ് മാംഗ ബുക്സ്. രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ച കോമിക്സിനെ സൂചിപ്പിക്കാനാണ് മാംഗ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.
വാള്‍ക്കിംഗ് ബുക്ക് ഫെയര്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച ട്വീറ്റില്‍ ഇത്തരമൊരു മാംഗ പുസ്തകം സ്വന്തമാക്കാനെത്തുന്ന ഒരു കുട്ടിയെ കാണാം. അവന്‍ 400 രൂപയുമായിട്ട് ആണ് പുസ്തകശാലയിലെത്തുന്നത്.
എന്നാല്‍ ആ കുട്ടി വാങ്ങാന്‍ ഉദ്ദേശിച്ച പുസ്തകത്തിന് വില കൂടുതലായിരുന്നു. അവന്‍ ആഗ്രഹിച്ച മാംഗ ബുക്കിന് 699 രൂപയായിരുന്നു വില. ഏകദേശം 300 രൂയുടെ കുറവുള്ളതിനാല്‍ അവനത് ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു.
എന്നാല്‍ അവന്‍റെ ആഗ്രഹവും സങ്കടപ്പെട്ടുള്ള നില്‍പ്പും കണ്ടപ്പോള്‍ പുസ്തകശാലക്കാര്‍ ഒരു കാര്യം തീരുമാനിച്ചു. അവര്‍ ആ കുട്ടിയുടെ ഇഷ്ടപ്പെട്ട പുസ്തകം വില കുറച്ചുനല്‍കി. ഏകദേശം 300 രൂപ കുറച്ചാണ് അവര്‍ ഈ പുസ്തകം നല്‍കിയത്.
ആ കുട്ടിക്ക് അത് വലിയ സന്തോഷം നല്‍കി. ഇക്കാര്യം പങ്കുവച്ചുള്ള ട്വീറ്റും വൈറലായി. നിരവധി പേര്‍ പുസ്തകശാല നടത്തിപ്പുകാരെ അഭിനന്ദിക്കുകയുണ്ടായി.