ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം അപ്രതീക്ഷിതമായി വിരാട് കോഹ്ലി രാജിവച്ചതോടെ അടുത്ത ക്യാപ്റ്റൻ ആരെന്ന ചോദ്യം സ്വാഭാവികമായി ഉദിച്ചു.
ട്വന്റി-20, ഏകദിന ക്യാപ്റ്റനായ രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻസികൂടി ബിസിസിഐ സെലക്ടർമാർ ഏൽപ്പിക്കുമോ എന്നതും സുപ്രധാന ചോദ്യമാണ്.
കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ മുന്നോട്ടുവച്ച ന്യായവാദം വൈറ്റ് ബോൾ ക്രിക്കറ്റിനു രണ്ട് ക്യാപ്റ്റന്മാരുടെ ആവശ്യമില്ലെന്നായിരുന്നു.
അതുകൊണ്ടുതന്നെ എല്ലാ ഫോർമാറ്റിലും രോഹിത് ക്യാപ്റ്റൻ ആയിക്കൂടെന്നില്ല. നിലവിൽ ടെസ്റ്റ് ഉപനായക സ്ഥാനവും രോഹിത്തിനാണ്.
കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ക്യാപ്റ്റൻസി രംഗത്തുണ്ട്. കോഹ്ലി, രോഹിത് എന്നിവരുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രാഹുൽ ആയിരുന്നു ഇന്ത്യയെ നയിച്ചത്.
അന്ന് ഉപനായകനായത് ബുംറയും. ഇവരെ പിന്തള്ളി ഋഷഭ് പന്ത് ക്യാപ്റ്റനാകാനുള്ള സാധ്യതയുമുണ്ട്.
മൂന്ന് ഫോർമാറ്റിലും പന്തിന്റെ നിർണായക സാന്നിധ്യമാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ശ്രേയസ് അയ്യർ, അജിങ്ക്യ രഹാനെ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.