കൊല്ലം : പ്രളയമെടുത്ത ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ നടത്തിയ ജാഗ്രതാ ജാഥയ്ക്ക് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ വന്പിച്ച വരവേൽപ്പ് നൽകി.
താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നും സമാഹരിച്ച ഇരുപതിനായിരം പുസ്തകങ്ങൾ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി.ഇതുമായി ബന്ധപ്പെട്ട് കൊല്ലം ടി.എം.വർഗ്ഗീസ് സ്മാരക ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ, ജാഥാമാനേജർ പി.കെ.സുധാകരൻ, സംസ്ഥാന ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെന്പർമാരായ എസ്.നാസർ, കെ.എം.ബാബു, ബി.ഹരികൃഷ്ണൻ, മുഞ്ഞിനാട് രാമചന്ദ്രൻ, കീഴാറ്റൂർ അനിയൻ, ജില്ലാ പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, സെക്രട്ടറി ഡി.സുകേശൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.അനിൽകുമാർ, താലൂക്ക് സെക്രട്ടറി കെ.ബി.മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.അബൂബേക്കർ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് നൽകിയത് കൊല്ലം താലൂക്കാണ്. കേരള ശബ്ദം 1500-ഉം മയ്യനാട് എൽ.ആർ.സി.ലൈബ്രറി 710-ഉം, വെണ്‍പാലക്കര ശാരദാവിലാസിനി ലൈബ്രറി 589-ഉം നീരാവിൽ നവോദയ ഗ്രന്ഥശാല 566-ഉം പുസ്തകങ്ങൾ നൽകുകയുണ്ടായി.