ബംഗളൂരു: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും കൂട്ടർക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകം.
ബംഗളൂരു ടെസ്റ്റ് എട്ടു വിക്കറ്റിനു വിജയിച്ച ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനുശേഷം ചരിത്ര ജയം കുറിച്ചപ്പോൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്കു വലിയ തിരിച്ചടിയാണു നൽകിയത്. ഇന്ത്യയുടെ പോയിന്റിലുള്ള ശതമാനക്കണക്കിനു വലിയ ആഘാതമാണു തോൽവി നൽകിയത്.
2023-2025 ടെസ്റ്റ് ചാന്പ്യൻഷിപ് കാലയളവിൽ ഇന്ത്യയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഫൈനലിലേക്കുള്ള പിടി അയഞ്ഞ മട്ടാണ്. ബംഗളൂരു ടെസ്റ്റിനു മുന്പ് ഇന്ത്യക്ക് 74.24 ആയിരുന്നു പോയിന്റ് ശതമാനം.
തോൽവിയോടെ അത് 68.06 ശതമാനത്തിലേക്കു പതിച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായി (62.50 ശതമാനം) അകലം കുറയുകയും ചെയ്തു. പോയിന്റ് കണക്കിൽ ഇന്ത്യക്ക് 98ഉം, ഓസ്ട്രേലിയയ്ക്ക് 90ഉം ആണ്.
12 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയും ഓസ്ട്രേലിയയും എട്ടു വീതം മത്സരങ്ങളിൽ ജയിക്കുകയും മൂന്നു കളിയിൽ തോൽക്കുകയും ഒരു കളിയിൽ സമനിലയിൽ പിരിയുകയും ചെയ്തു. രണ്ടു ടീമുകളും 5.56 പോയിന്റ് ശതമാനത്തിന്റെയും എട്ടു പോയിന്റിന്റെയും വേർതിരിവാണുള്ളത്.
ഇന്ത്യക്ക് ഇനിയെന്ത്?
2023-25 ടെസ്റ്റ് ചാന്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യക്ക് ഇനി ഏഴു ടെസ്റ്റുകളാണുള്ളത്. അതിൽ അഞ്ചെണ്ണത്തിലെങ്കിലും ജയിക്കണം. അല്ലെങ്കിൽ മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാകും ഫൈനൽ സാധ്യത.
ന്യൂസിലൻഡിനെതിരേ ഇന്ത്യക്ക് രണ്ടു ടെസ്റ്റുകൾകൂടിയുണ്ട്. പൂനയിലും (24-28), മുംബൈയിലും (നവംബർ 1-5). ഇതിൽ രണ്ടിലും ജയിക്കാനായാൽ പോയിന്റ് ശതമാനം ഉയർത്താനാകും. ഇതിനുശേഷം അഞ്ചു ടെസ്റ്റുകൾ അടങ്ങുന്ന ഓസ്ട്രേലിയൻ പര്യടനം.
മൂന്നു മത്സരങ്ങളെങ്കിലും ജയിച്ചാൽ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇന്ത്യക്ക് ഫൈനലിലേക്കു മുന്നേറാനുമാകും. ഇന്ത്യക്ക് ഇനിയുള്ള ഏഴു ടെസ്റ്റുകളിൽ രണ്ടിൽ കൂടുതൽ തോൽവിയുണ്ടായാൽ കാര്യങ്ങൾ കുഴപ്പത്തിലാക്കും. നാലു ജയവും രണ്ടു സമനിലയും ആയാൽ മറ്റ് ഫലങ്ങളും ഇന്ത്യക്ക് അനുകൂലമായാൽ യോഗ്യതയ്ക്കാവശ്യമായ പോയിന്റ് ശതമാനം നേടിയെടുക്കാം.
മറ്റ് ടീമുകളുടെ നില
55.56 ശതമാനം പോയിന്റുള്ള ശ്രീലങ്കയാണു മൂന്നാം സ്ഥാനത്ത്. ഒന്പത് മത്സരങ്ങളിൽ അഞ്ചു ജയം, നാലു തോല്വി എന്നിങ്ങനെയാണ് ശ്രീലങ്കയുടെ കണക്ക്. ഇന്ത്യക്കെതിരേയുള്ള ജയത്തോടെ ന്യൂസിലൻഡ് ആറാം സ്ഥാനത്തുനിന്ന് 44.44 ശതമാനം പോയിന്റുമായി നാലാം സ്ഥാനതെത്തി.
ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ആദ്യ ചാന്പ്യന്മാരായ കിവീസിന് അടുത്ത അഞ്ചു മത്സരങ്ങളും ജയിക്കാനായാൽ ആദ്യ രണ്ടു സ്ഥാനത്തെത്തും. ഇന്ത്യക്കെതിരേയുള്ള ടെസ്റ്റിനുശേഷം ഇംഗ്ലണ്ടിനെതിരേ മൂന്നു മത്സരങ്ങളുണ്ട്. ഇംഗ്ലണ്ടാണ് (43.06 ശതമാന പോയിന്റ്) അഞ്ചാമത്. 18 കളിയിൽ ഒന്പതു ജയവും എട്ടു തോൽവിയുമാണ് ഇംഗ്ലണ്ടിന്.
നിലവിൽ ആറാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക (38.89 ശതമാനം പോയിന്റ്) ആദ്യ സ്ഥാനക്കാർക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് നിലവിൽ ബംഗ്ലാദേശിനെതിരേയുള്ള രണ്ടു ടെസ്റ്റ് ഉൾപ്പെടെ ആറു ടെസ്റ്റുകളുണ്ട്. ശ്രീലങ്ക, പാക്കിസ്ഥാൻ ടീമുകളാണു ദക്ഷിണാഫ്രിക്കയുടെ അടുത്ത എതിരാളികൾ. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് അവസാന സ്ഥാനങ്ങളിൽ.