ദുബായ്: ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചെങ്കോൽ തുടർച്ചയായ മൂന്നാം വർഷവും ടീം ഇന്ത്യക്ക്. ഏപ്രിൽ ഒന്നിന് ഐസിസി ഒന്നാം റാങ്കിൽ തുടർന്നാണ് ഇന്ത്യ ചാന്പ്യൻപട്ടം നിലനിർത്തിയത്.
ഇതിലൂടെ 6.92 കോടി രൂപ ഇന്ത്യക്ക് ലഭിക്കും. ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലുൾപ്പെടെ ഇന്ത്യൻ ടീം ചരിത്ര ടെസ്റ്റ് പരന്പര സ്വന്തമാക്കിയിരുന്നു. ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം കെയ്ൻ വില്യംസണ് നയിക്കുന്ന ന്യൂസിലൻഡിനാണ്.
ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചെന്പോൽ ഒരിക്കൽക്കൂടി ലഭിച്ചത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. നമ്മുടെ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഒന്നിൽ തുടരാനുള്ള സമ്മർദംകൂടിയാണിത് – ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് ആയിരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 104 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിന് 108ഉം ഒന്നാമതുള്ള ഇന്ത്യക്ക് 116ഉം പോയിന്റാണ്.