ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായി ആറു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നത്.
123 പോയിന്റാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കു 117 പോയിന്റും മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് 100 പോയിന്റുമാണുള്ളത്. ഇന്ത്യ ഒരു പോയിന്റ് ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 109 ല്‍നിന്ന് 117ലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും റാങ്കിംഗില്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന് ടീമുകള്‍ പിന്നോട്ടിറങ്ങി.
ഓസ്ട്രേലിയ 108ല്‍നിന്ന് 100ലേക്കും നാലാമതുള്ള ഇംഗ്ലണ്ട് രണ്ടു പോയിന്റ് കുറഞ്ഞ് 99ലും പാക്കിസ്ഥാന്, ന്യൂസിലന്‍ഡിനു പിന്നിലായി ആറാമതുമെത്തി. പാക്കിസ്ഥാന് നാലു പോയിന്റാണ് നഷ്ടമായത്. ശ്രീലങ്ക ഏഴാമത് (91 പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് എട്ടാമത് (75 പോയിന്റ്), ബംഗ്ലാദേശ് ഒമ്പതാമത് (69 പോയിന്റ്), പത്താമതുള്ള സിംബാബ്വേ അഞ്ചു പോയിന്റ് നഷ്ടമാക്കി പോയിന്റില്ലാതെ തുടരുന്നു.