ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പ നഷ്ടമായെങ്കിലും അവസാന ടെസ്റ്റ് മത്സരം ജയിച്ച ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കൊരുങ്ങുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ തുടങ്ങും. ടെസ്റ്റ് പരമ്പര പോലെ ഇന്ത്യക്ക് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും നേടാനായിട്ടില്ല. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് മത്സരം ആരംഭിക്കും.
ഈ പരമ്പര നേടാനായാല്‍ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും. നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. 2019ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് 14 മാസം കൂടിയുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പര ജയത്തോടെ ഇന്ത്യ ലോകകപ്പിന് മികച്ച തയാറെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ഇന്ത്യക്ക് വലിയ ടെസ്റ്റ് മത്സരങ്ങള്‍ക്കൊപ്പം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും ധാരാളം മത്സരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ആറ് ഏകദിനം മൂന്നു ട്വന്റി 20യുമാണുള്ളത്.
അതിനുശേഷം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തില്‍ മൂന്നു ഏകദിനവും അത്രതന്നെ ട്വന്റി 20യുമുണ്ട്. ഇതിനുപുറമെ ഐപിഎല്‍ സീസണും കളിക്കാരെ കാത്തിരിക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളുമുണ്ട്.
ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലുമായി നിര്‍ണായക മത്സരങ്ങളാണുള്ളത്. ഈ മത്സരങ്ങളിലൂടെ ടീം മാനേജ്മെന്റിന് 2019ലെ വലിയ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ ഒരുക്കാനാകും.
ദക്ഷിണാഫ്രിക്കയില്‍ മോശം റിക്കാര്‍ഡ്
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഏകദിന പരമ്പര ജയിക്കാത്ത ഇന്ത്യയുടെ നീലക്കുപ്പയക്കാര് ആദ്യ പരമ്പര ജയമാണ് ലക്ഷ്യമിടുന്നത്. 1992-93ല്‍ 2-5നും 2006-07ൽ 0-4നും 2010-11ൽ 2-3നും 2013-14ൽ 0-2നും ഇന്ത്യക്കു പരമ്പര നഷ്ടമായി. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ 1996-97ലും 2001-02 ലും സിംബാബ്വേയും കെനിയയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുത്തെങ്കിലും രണ്ടു തവണയും ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായി.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏകദിനത്തില്‍ മോശം റിക്കാര്‍ഡാണുള്ളത്. 1992-93ലെ പരമ്പര മുതല്‍ 28 മത്സരങ്ങളില്‍ ആതിഥേയര്‍ 21 ജയം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യക്ക് വെറും അഞ്ചു ജയം. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം വിദേശ മണ്ണില്‍ നടക്കുന്ന ഏകദിനങ്ങളില്‍ പുറത്തെടുക്കുന്ന മികവ് ദക്ഷിണാഫ്രിക്കയ്്ക്കെതിരേ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1992-93 മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഡര്‍ബനില്‍ ഇന്ത്യക്ക് ഇതുവരെ ജയിക്കാനായില്ല. കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറ് തോല്‍വി നേരിട്ടപ്പോള്‍ ഒരണ്ണത്തിനു ഫലമില്ലായിരുന്നു. എന്നാല്‍ 2003 ലോകകപ്പില്‍ ഇവിടെ വച്ച് ഇംഗ്ലണ്ടിനെയും കെനിയയെയും തോല്‍പ്പിച്ചു. കിംഗ്സ്മെഡില് ആകെ ഒമ്പത് കളിയില്‍ ഇന്ത്യക്കു രണ്ടു ജയം.
ലക്ഷ്യം ഒന്നാം സ്ഥാനം
ഏകദിനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനായി ദക്ഷിണാഫ്രിക്കയും ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ പരമ്പര ആവേശകരമാകും. 120 പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും 119 പോയിന്റുള്ള ഇന്ത്യ രണ്ടാമതുമാണ്. പരമ്പര ഇന്ത്യ 4-2ന് നേടിയാല്‍ ഒന്നാം സ്ഥാനത്തെത്തും. റാങ്കിംഗില്‍ ഒന്നാമതെത്താം എന്ന ആവേശത്തിലാകും വിരാട് കോഹ് ലിയും സംഘവും പരമ്പരയിലിറങ്ങുക. അതുകൊണ്ടുതന്നെ വിജയത്തോടെ പരമ്പര തുടങ്ങുകയെന്ന ലക്ഷ്യവും ടീമിനുണ്ട്. ടെസ്റ്റ് പരമ്പര 2-1ന് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഏകദിനത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2016ല്‍ ഓസ്ട്രേലിയയില്‍വച്ച് 4-1ന് പരമ്പര തോറ്റശേഷം ഇന്ത്യന്‍ നീലക്കുപ്പായക്കാര്‍ക്ക് ഇതുവരെ വിദേശത്തും സ്വദേശത്തുമായി രണ്ടു ടീമുകളുടെ ഏകദിന പരമ്പര നഷ്ടമായിട്ടില്ല. സിംബാബ്വേ, ന്യൂസിലന്‍ഡ് (രണ്ടു തവണ), ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക (രണ്ടു തവണ), ഓസ്ട്രേലിയ ടീമുകളെ ഇന്ത്യ പരാജയപ്പെടുത്തി. 32 ഏകദിന മത്സരങ്ങളില്‍ 24 ജയം ഇന്ത്യ സ്വന്തമാക്കി. ടൂര്‍ണമെന്റുകളില്‍ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോൽവിമാത്രമാണുള്ളത്.
വിജയത്തുടക്കം ലക്ഷ്യമിടുന്ന ഇന്ത്യ മികച്ച നിരയുമായിട്ടാകും ആദ്യ മത്സരത്തിനിറങ്ങുക. ശ്രീലങ്കയ്ക്കെതിരേ നടന്ന ഏകദിന, ട്വന്റി 20 പരമ്പരകളില്‍നിന്ന് മാറിനിന്ന കോഹ്ലി തിരിച്ചെത്തുന്നത് ഇന്ത്യക്കു കരുത്തു പകരും. മധ്യനിരയില്‍ പ്രധാനമായും ഒരു സ്ഥാനത്തിനുവേണ്ടിയാണ് ഇനിയുള്ള മത്സരം. ശ്രീലങ്കയ്ക്കെതിരേ മൂന്ന് ഏകദിനങ്ങളില്‍ കളിച്ച ശ്രേയസ് അയ്യര്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയിരുന്നു. പരിചയസമ്പത്തിലാണ് ഇന്ത്യക്ക് കണ്ണെങ്കില്‍ ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും ആ സ്ഥാനത്തിനുവേണ്ടി മത്സരിക്കും.
മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യ ഇന്ന് എത്ര സ്പിന്നര്‍മാരെ ഇറക്കുമെന്നും അറിയാനുണ്ട്. ഏക സ്പിന്നറെ കളിപ്പിക്കാനാണ് സാധ്യതയെങ്കില്‍ കുല്‍ദീപ് യാദവിന് അവസരം ലഭിക്കും. യാദവിന് മധ്യനിരയില്‍ ശക്തരായ ബാറ്റ്സ്മാന്മാരായ ഡേവിഡ് മില്ലര്‍, ജെപി ഡുമിനി എന്നിവരുടെ സ്കോറിംഗ് പതുക്കെയാക്കുക എന്നതായിരിക്കും ഉത്തവാദിത്വം. ദക്ഷിണാഫ്രിക്കയും വരുന്ന ലോകകപ്പിലേക്കു കണ്ണുംനട്ടാണിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ കേദാര്‍ ജാദവിന് അവസരം ലഭിക്കും. ജാദവിനെ പാര്‍ട്ട് ടൈം ബൗളറായും ഉപയോഗിക്കാനാകും.
ദക്ഷിണാഫ്രിക്കയും വരുന്ന ലോകകപ്പിലേക്കാണ് ഉറ്റുനോക്കുന്നത്. ചൂണ്ടുവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന എബി ഡി വില്യേഴ്സ് ആദ്യ മൂന്നു മത്സരങ്ങള്‍ക്കില്ല. ഡിവില്യേഴ്സിനു പകരം ഡര്ബന് സ്വദേശിയായ ഖയേലിലെ സോന്‍ഡോ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്. ഏക സ്പിന്നറായി ഇമ്രാന് താഹിര്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്.