ലോഡ്സ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ സമനില. രണ്ടാം ഇന്നിംഗ്സിൽ 267 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.3 ഓവറിൽ ആറിന് 154 എന്ന നിലയിൽ നിൽക്കെ കളി അവസാനിച്ചു. സ്കോർ: ഇംഗ്ലണ്ട് 258, അഞ്ചിന് 258 ഡിക്ലയേർഡ്. ഓസ്ട്രേലിയ 250, ആറിന് 154. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സാണ് കളിയിലെ താരം.
ഓസ്ട്രേലിയയ്ക്കെതിരേ എട്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തകർപ്പൻ സെഞ്ചുറിയോടെ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിച്ചത്. സ്റ്റോക്സ് പുറത്താകാതെ 115 റണ്‍സ് നേടി. ജോസ് ബട്ലർ (31) എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് പിടിച്ചുകയറി. ബട്ലർക്കു പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയും (പുറത്താകാതെ 30 ) സ്റ്റോക്സിനു പിന്തുണയേകി.
രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ഓസീസിന് തുടക്കം തന്നെ തകർച്ച നേരിട്ടു. ഡേവിഡ് വാർണർ (5), ഉസ്മാൻ ഖവാജ (2) എന്നിവരെ ജോഫ്ര ആർച്ചർ മടക്കി. ഓസ്ട്രേലിയയ്ക്ക് 14 ഓവറിൽ 47 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടു മാർന്നസ് ലബുഷെയ്ൻ (59), ട്രാവിസ് ഹെഡ് (42 നോട്ടൗട്ട്) എന്നിവരുടെ കൂട്ടുകെട്ടാണ് ഓസീസിനെ പിടിച്ചുനിർത്തിയത്.
എന്നാൽ ലബുഷെയ്ൻ, മാത്യു വെയ്ഡ് (1), ക്യാപ്റ്റൻ ടിം പെയ്ൻ (4) എന്നിവർ കൂടി മടങ്ങിയതോടെ 41 ഓവറിൽ ആറിന് 149 റൺസെന്ന നിലയിലെത്തി ഓസീസ്. ഇതോടെ ഇംഗ്ലണ്ട് ആവേശത്തിലായി. എന്നാൽ തുടർന്നുള്ള ഓവറുകൾ പ്രതിരോധിച്ച് ഓസീസ് മത്സരം സമനിലയിലാക്കി. ജോഫ്ര ആർച്ചർ, ജാക്ക് ലീഷ് എന്നിവർ ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ലീഡ്സിൽ വ്യാഴാഴ്ച തുടങ്ങും.