വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം. ജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 38 റണ്‍സോടെ ഹാഷിം ആംല പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിൽ കിവീസ് ബാറ്റിംഗ് തകർന്നടിയുകയായിരുന്നു. 91 റണ്‍സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ കിവീസ് 171 റണ്‍സിന് ഓൾ ഔട്ടായി. 80 റണ്‍സ് നേടിയ ജീറ്റ് റാവൽ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കേശവ് മഹരാജാണ് കിവീസ് തൂത്തെറിഞ്ഞത്. മോണി മോർക്കൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. റാവലിന് പുറമേ ബി.ജെ.വാട്ലിംഗ് (29), നീൽ ബ്രൂം (20) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്.
349/9 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന്റെ തുടർച്ചയോടെയാണ് മൂന്നാം ദിനം തുടങ്ങിയത്. 10 റണ്‍സ് കൂടി കൂട്ടിച്ചേർത്തതോടെ സന്ദർശകർക്ക് അവസാന വിക്കറ്റ് നഷ്ടമായി. 40 റണ്‍സ് നേടിയ മോണി മോർക്കലിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്. 32 റണ്‍സോടെ വെർനോണ്‍ ഫിലാൻഡർ പുറത്താകാതെ നിന്നു.
സ്കോർ: ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 268, രണ്ടാം ഇന്നിംഗ്സ് 171. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 359, രണ്ടാം ഇന്നിംഗ്സ് 83/2. മത്സരത്തിൽഎട്ട് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹരാജാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ പരന്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തിയിരുന്നു.