കോട്ടയം: പ്രളയമേഖലയിലെ കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ടെട്രാ പാൽ. തിളപ്പിക്കാതെ കുട്ടികൾക്ക് നേരിട്ട് കുടിക്കാവുന്ന പാലാണ് എന്നതാണിതിന്റെ മേൻമ. ആദ്യഘട്ടത്തിൽ വൈക്കം, കടുത്തുരുത്തി മേഖലയിലെ എൽ.പി,യു.പി സ്കൂൾ വിദ്യാർഥികൾക്കാണ് ടെട്രാ പാൽ വിതരണം ചെയ്യുന്നത്.
ഒരു വിദ്യാർഥിക്ക് ഒരു കവർ പാൽ എന്ന രീതിയിലാണ് വിതരണം. ഓരോ കവറിലും 180 മില്ലി പാൽ ഉണ്ട്. ഫ്രിഡ്ജിൽ വയ്ക്കാതെ മൂന്നു മാസം വരെ കേടുകൂടാതെ ഈ പാൽ സൂക്ഷിക്കാൻ കഴിയും. മൂന്നു ശതമാനം ഫാറ്റും 8.5 ശതമാനം എസ് എൻ എഫും അടങ്ങിയതാണ് ടെട്രാ പാൽ.
വൈക്കം ബ്ലോക്കിന് കീഴിലുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ടെട്രാ പാൽ വിതരണം ചെയ്തിരുന്നു.വൈക്കം മേഖലയിൽ പദ്ധതിയുടെ ഉദ്ഘാടനം ഗവ.എൽ.പി സ്കൂൾ വടക്കേ നടയിൽ സി കെ ആശ എം എൽ എയും കടുത്തുരുത്തി മേഖലയിൽ മോൻസ് ജോസഫ് എം എൽ എയും നിർവഹിച്ചു.
ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ടി. കെ. അനികുമാരി, വൈക്കം മുനിസിപ്പൽ ചെയർമാൻ കെ ശശിധരൻ,ജില്ലാ പഞ്ചായത്ത് മെന്പർ പി സുഗതൻ, കടുത്തുരുത്തി ക്ഷീര വികസന ഓഫീസർ കെ. മനോഹരൻ , എറണാകുളം മേഖല ക്ഷീര ഉദ്പാദക യൂണിയൻ ഡയറക്ടർ ബോർഡ് മെന്പർ സോണി ഈറ്റക്കൽ, മുനിസിപ്പൽ കൗണ്‍സിലർ രഞ്ജിത്ത്, എ ഇ ഒ ഹരിദാസ് എന്നിവർ പങ്കെടുത്തു.