മുക്കം: പാദ വാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ തുറന്ന് പത്ത് ദിവസം പിന്നിട്ടിട്ടും രണ്ടാം വാല്യത്തിലെ ഒരു പാഠ പുസ്തകം പോലും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ല. അതേ സമയം എല്ലാം ലഭിച്ചുവെന്ന് ഉറപ്പു വരുത്താനും വിതരണത്തിന്റെ കണക്കുകൾ അപ്ഡേറ്റ് ചെയ്യാനുമുള്ള നിർദ്ദേശം ഡിഡിയിൽ നിന്നും എഇഒയിൽ നിന്നും നേരിട്ടും ഇ-മെയിൽ വഴിയും വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
എന്തു ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലായിരിക്കുകയാണ് പ്രധാനാധ്യാപകർ. കാൽക്കൊല്ലപരീക്ഷക്കു ശേഷം ആരംഭിക്കേണ്ട പുസ്തകങ്ങളൊന്നും ലഭിക്കാത്തതിനാൽ പഠനമാകെ അവതാളത്തിലായിരിക്കുകയാണ്. മുക്കം സബ് ജില്ലയിൽ എൽ.പി, യു.പി രണ്ടാം വാല്യം പാഠ പുസ്തകങ്ങളിൽ ഒരെണ്ണം പോലും ഒരു സ്കൂളിലും ഇതുവരെ എത്തിയിട്ടില്ല.
അതേ സമയം കഴിഞ്ഞ ദിവസം എഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിൽ പാഠ പുസ്തക വിതരണത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഡിഡിയു ടെ നിർദേശം ശ്രദ്ധയിൽ പെടുത്തിയിരുന്നു. ലഭിക്കാത്ത പുസ്തകങ്ങൾക്ക് എന്ത് കണക്കെന്നഅധ്യാപകരുടെ ചോദ്യത്തിന് മുന്പിൽ വിദ്യഭ്യാസ ഉപജില്ലാ ഓഫീസർക്കും കൈമലർത്താനേ സാധിച്ചുള്ളൂ.
അവതാളത്തിലായ പാഠ പുസ്തക വിതരണത്തിന്റെ കാര്യത്തിൽ വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അവസ്ഥയും ഇതു തന്നെ. പാഠ പുസ്തക വിതരണം നടക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിഡി ഓഫീസിലെത്തിയ എംഎസ്എഫ് പ്രവർത്തകരുടെ മുന്പിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരം മുട്ടുകയും പൊലീസിനെ വിളിച്ചു വരുത്തി ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡിസംബറിലെ ക്രിസ്മസ് അവധിയോടനുബന്ധിച്ച് നടക്കേണ്ട അരക്കൊല്ല പരീക്ഷക്ക്ക്കു മുന്പ് തീർക്കാനുള്ളതാണ് രണ്ടാം വാല്യം പുസ്തകങ്ങൾ. മേളകളെല്ലാം നടക്കുന്ന സമയവും കൂടി ആയതിനാൽ ഇടയ്ക്ക് ലഭിക്കുന്ന പ്രവൃത്തി ദിവസങ്ങളാണ് പാഠപുസ്തക വിതരണം നടക്കാത്തതിനാൽ എങ്ങും തൊടാതെ നഷ്ടപ്പെടുന്നത്.
വിതരണം കുറ്റമറ്റതാകുമെന്ന് കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് മുന്പൊന്നും ഉണ്ടായിട്ടില്ലാത്ത വിധം സംഭവിച്ച അനാസ്ഥയിലും കെടുകാര്യസ്ഥതയിലും രാഷ്ട്രീയ ഭേദമന്യേ അധ്യാപകരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തിലാണ്.