വിവാഹമോചനം പലര്‍ക്കും അത്യന്തം വേദനാജനകമാണ്. നിവൃത്തികേടു കൊണ്ടാണ് പലരും ഈ വഴി തിരഞ്ഞെടുക്കുന്നത്. ടെക്‌സാസ് സ്വദേശികളായ ജേക്കും മരിയയും സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ മുമ്പില്‍ ഉള്ളത് വിവാഹമോചനം മാത്രം. അത് പക്ഷെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ടല്ലെന്നു മാത്രം.കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിനായാണ് ഇവര്‍ വേര്‍പിരിയാനൊരുങ്ങുന്നത്.
ജന്മനാബുദ്ധിവളര്‍ച്ചയില്ലാത്ത മകളുടെ ചികിത്സയ്ക്കു വേണ്ടി വേര്‍പിരിഞ്ഞേ മതിയാകൂ എന്ന അവസ്ഥയിലാണ് ഇവര്‍. ഒമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ആറും രണ്ടും വയസ്സുള്ള രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഇവര്‍. ഇവരുടെ ആറുവയസ്സുകാരി മകള്‍ ബ്രയിട്ടന്‍ ജന്മനാ ബുദ്ധിക്കുറവുള്ള കുട്ടിയാണ്. Wolf-Hirschhorn syndrome എന്ന അപൂര്‍വമായ ജനതികരോഗമാണ് കുട്ടിക്ക്. ഇരുപത്തിനാല് മണിക്കൂറും ശ്രദ്ധ നല്‍കേണ്ട രോഗം. ഒന്ന് കണ്ണു തെറ്റിയാല്‍പ്പോലും അപകടം സംഭവിക്കാം.
കുട്ടിയുടെ ചികിത്സയ്ക്കായി ചെലവിടേണ്ട വലിയ തുകയ്ക്കായി ആരോഗ്യവകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചതോടെയാണ് വിവാഹമോചനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തിയത്. ഇതോടെ ജോലിയില്ലാത്ത മരിയ സിംഗിള്‍ മദര്‍ ആകും. ഇത് മെഡിക്കല്‍ സുരക്ഷ കുഞ്ഞിനു ലഭിക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു ജേക്കിന്റെ കുടുംബത്തിനു മെഡിക്കല്‍ സുരക്ഷ ഉണ്ട്. പക്ഷേ കുഞ്ഞിന്റെ ചികിത്സയ്ക്ക് അത് തികയാത്തതിനാലാണ് ഇവര്‍ ഈ തീരുമാനത്തിലെത്തിയത്.