കണ്ണൂർ: സംസ്ഥാനത്തെ വസ്ത്രവില്പനശാലകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജീവനക്കാർ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് തൊഴിൽ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാർ, ജില്ലാതല തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിട്ടു.
സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കേസ് ജനുവരി 15 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. കണ്ണൂർ നഗരസഭാ കൗണ്‍സിലർ തൈക്കണ്ടി മുരളീധരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സംസ്ഥാനത്തെ വസ്ത്രവില്പന ശാലകളിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കട തുറക്കുന്നതു മുതൽ അടയ്ക്കുന്നതുവരെ സ്ത്രീ ജീവനക്കാരെ ഒരേ നിൽപ്പ് നിർത്തുന്നത് ക്രൂരതയാണെന്നും പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.