പേരാമ്പ്ര: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച പാഠപുസ്തകങ്ങൾ വെള്ളം കയറി നശിക്കുന്നു. പേരാമ്പ്ര ഗവ. യുപി സ്കൂളിലാണ് പുസ്തകങ്ങള്‍ നശിക്കുന്നത്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം നടക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ച പുസ്തകങ്ങളാണ് നനഞ്ഞ് കുതിരുന്നത്.
പുസ്തകങ്ങള്‍ സൂക്ഷിച്ച മുറിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാൻ മാര്‍ഗം സ്വീകരിക്കാത്തതാണ് നൂറുകണക്കിന് പുസ്തകങ്ങള്‍ നനയാന്‍ കാരണം. ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കേണ്ട പ്രവൃത്തി ഇതു വരെ പൂര്‍ത്തിയായിട്ടില്ല. നിപ്പാ വൈറസ് ബാധമൂലം സ്കൂള്‍ തുറക്കുന്നത് നീട്ടിയിട്ടും പണിപൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതിന്റെ ബാക്കിയും ഈ വര്‍ഷം പുതുതായി എത്തിയതും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ എഇഒ ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍മ്മാണം നടത്താനായി സ്ലാബിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയതോടെ വെള്ളം താഴോട്ട് ഒഴുകുകയും അത് ജനല്‍ വഴി പുസ്തകങ്ങള്‍ വച്ച മുറിയിലേക്ക് എത്തുകയുമായിരുന്നു.
ഇവിടെ തറയിലും മേശകളിലുമായാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അന്നുതന്നെ നിലത്തുള്ളവ മേശകളില്‍ എടുത്ത് വച്ചെങ്കിലും തിങ്കളാഴ്ച അവയും നനഞ്ഞതായി കണ്ടു. അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് പുസ്തകങ്ങൾ ഉണക്കിയെടുക്കാന്‍ പാടുപെടുകയാണ്.