തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടു നോട്ട് ബുക്കുകൾ നഷ്ടമായ കൂട്ടുകാർക്കു നോട്ടുകൾ എഴുതി നൽകി വിദ്യാർഥികൾ. പാളയം സെന്റ് ജോസഫ് സ്കൂളിലാണ് ഇന്നലെ പ്രളയത്തിൽപ്പെട്ട കൂട്ടുകാർക്കു നോട്ടുകൾ എഴുതുന്നതിനായി വിദ്യാർഥികൾ ഒത്തുചേർന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അതിരൂപതയുടെ കീഴിലുള്ള എട്ടു സ്കൂളുകളിലെ കുട്ടികൾ എത്തി നോട്ടുകൾ എഴുതി തയാറാക്കിയത്.
പാളയം സെന്റ് ജോസഫ് സ്കൂളിലെ കുട്ടികൾക്കൊപ്പം അഞ്ചുതെങ്ങ് സെന്റ് ജോസഫ്, കഠിനംകുളം സെന്റ് മൈക്കിൾ, പള്ളിത്തുറ സെന്റ് മേരീസ്, കണിയാപുരം സെന്റ് വിൻസെന്റ്, വെട്ടുകാട് സെന്റ് മേരീസ്, പൂന്തുറ സെന്റ് തോമസ്, വിഴിഞ്ഞം സെന്റ് മേരീസ് എന്നീ സ്കൂളുകളിലെ കുട്ടികളും നോട്ടുകൾ തയാറാക്കുന്നതിനായി രാവിലെ തന്നെ എത്തിയിരുന്നു.
മലയാളം, രസതന്ത്രം, ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പാഠഭാഗങ്ങളിലെ നോട്ടുകളാണ് ഇന്നലെ ഇവിടെ എഴുതി തയാറാക്കിയത്. കുട്ടനാട്ടിലെ കിടങ്ങൂർ ഗവണ്മെന്റ് എച്ച്എസ്എസ്, കൊടുപ്പുന്ന എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ കുട്ടികൾക്കായാണ് നോട്ടുകൾ തയാറാക്കിയത്.
നോട്ടുകൾ എഴുതിയ ബുക്കുകൾ അടുത്തദിവസം തന്നെ കുട്ടനാട്ടിലെത്തിക്കുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ സമിതി കോ-ഓർഡിനേറ്റർ ഫാ.ഡൈസണ്‍ പറഞ്ഞു.