കളമശേരി: മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് അതേ ഷോറൂമിലെത്തി ധൈര്യം പ്രകടിപ്പിച്ചത് യുവാവിനെ കുടുക്കിലാക്കി. കളമശേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് മാളിലെ അതേ റെഡിമെയ്ഡ് കടയിൽ വീണ്ടുമെത്തിയതാണ് പ്രതിയെ പിടികൂടാൻ ജീവനക്കാരെ സഹായിച്ചത്. കുറച്ച് നാൾ മുമ്പ് പാന്റ്സും ഷർട്ടും ഈ യുവാവ് മോഷ്ടിക്കുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.
എന്നാൽ തുടർനടപടികൾക്ക് സമയമെടുക്കുമെന്നതിനാൽ വിവരം പോലീസിൽ അറിയിച്ചിരുന്നില്ല. എന്നാൽ ഇന്നലെ അതേ ഷോറൂമിൽ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച് യുവാവ് എത്തിയപ്പോഴാണ് ‘പിടികിട്ടാപ്പുള്ളി’യെക്കുറിച്ച് ജീവനക്കാർക്ക് ഓർമ്മ വന്നത്. തുടർന്ന് യുവാവിനെ ജീവനക്കാർ പോലീസിൽ ഏല്പിക്കുകയായിരുന്നു.