കായംകുളം: ഒന്നിൽ കൂടുതൽ നിലകളുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഇതുമൂലം ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ജീവിതമാർഗം പ്രതിസന്ധിയിലായിരിക്കുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ധാരാളം സ്ഥലസൗകര്യങ്ങളുള്ള ബഹുനില വ്യാപാരശാലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും
തുറന്നു പ്രവർത്തിക്കാൻ സൗകര്യ പ്രദമാണെന്നിരിക്കെ സർക്കാരിന് നികുതിയിനത്തിൽ വൻ നഷ്ടമുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങൾ പിൻവലിക്കപ്പെടണം.
വന്പൻ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി ചെറുകിട വ്യാപാരികളെ നിലകളുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തുന്ന നടപടി നീതീകരിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം സമർപ്പിച്ചതായും ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു.