നവാസ് മേത്തർ
തലശേരി: തലശേരി നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മൂന്നരവർഷം കൊണ്ടാണ് ജീവനക്കാർ രണ്ടു കോടി രൂപ തട്ടിയെടുത്തതെന്ന വാർത്ത രാഷ്ട്രദീപികയിൽ വന്നപ്പോൾ തന്നെ പരാതിയുമായി കൂടുതൽ വ്യാപാരികൾ രംഗത്തു വന്നിരിക്കുകയാണ്.
എട്ടു സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നതായാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ തട്ടിപ്പ് നടന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം 12 ആയി.
തട്ടിയെടുക്കുന്ന പണം കൊണ്ട് നടത്തുന്ന ലഹരി പാർട്ടികളിൽ പങ്കെടുക്കാത്ത സഹപ്രവർത്തകർക്ക് വിവരം പുറത്താകാതിരിക്കാൻ ഐ ഫോൺ വരെ സംഘം സമ്മാനമായി നൽകിയതായും കണ്ടെത്തി. വനിതാ സഹപ്രവർത്തകർക്ക് കാഷ് പ്രൈസുകളും നൽകിയിട്ടുണ്ട്. സംഘത്തിലെ മൂന്നും പേർക്ക് ദേശസാത്കൃത ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളതായും വ്യക്തമായിട്ടുണ്ട്.
പാസ്ബുക്ക്
ഒരു കടയുടെ കാഷ് കൗണ്ടറിന് അടിയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കണ്ണൂരിലുള്ള ഒരു സഹകരണ ബാങ്കിന്റെ പിഗ്മി പാസ് ബുക്ക് ഉടമയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങളുടെ അടിത്തറ ഇളക്കുന്ന തട്ടിപ്പ് പരമ്പര പുറത്തു വന്നത്.
ഒരു ദിവസം പല തവണകളിലായി ആയിരം രൂപ വെച്ച് പതിനായിരം രൂപ വരെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കാണപ്പെട്ടതോടെ ഉടമ പണത്തിന്റെ ഉറവിടം തേടി. തനിക്ക് മൊബൈൽ ഷോപ്പിൽ പങ്കാളിത്തമുണ്ടെന്നും അതിൽ നിന്നുളള വരുമാനമാണ് ഇതെന്നുമായിരുന്നു യുവാവിന്റെ നിലപാട്.
എന്നാൽ കണ്ണൂരിൽ നിന്നും പിഗ്മി കളക്ടറായ യുവതി ഈ സംഘത്തിന്റെ കളക്ഷൻ എടുക്കാൻ മാത്രമായി തലശേരിയിൽ എത്തുന്നതായുള്ള വിവരവും ഇതിനിടയിൽ കട ഉടമകളുടെ ശ്രദ്ധയിൽ പെട്ടു.
തുടർന്ന് വ്യാപാരികൾ സംഘം ചേർന്ന് പോലീസിന്റെ സഹായത്തോടെ കടകളിലെ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് നഗരത്തെ ഞെട്ടിച്ച തട്ടിപ്പുകൾ പുറത്തു വന്നിട്ടുള്ളത്.
ഈ സംഘത്തിൽ പെട്ടവരുടെ അക്കൗണ്ടുകളിലൂടെ കടന്നു പോയിട്ടുള്ളത് ലക്ഷങ്ങളാണ്. കണ്ണൂരിൽ നിന്നും ഈ സംഘത്തിലെ അംഗങ്ങളുടെ മാത്രം കളക്ഷൻ എടുക്കാൻ എത്തിയ യുവതിയിൽ നിന്നും കൂടുതൽ വിലപ്പെട്ട വിവരങ്ങൾ വ്യാപാരികൾക്ക് ലഭിച്ചിട്ടുള്ളതായും അറിയുന്നു.
തട്ടിപ്പും ലഹരിയും
എല്ലാ സീസണിലും നല്ല വ്യാപാരം നടന്നിട്ടും സ്ഥാപനങ്ങൾ ലാഭത്തിൽ വരാത്തത് ഉടമകളെ പലപ്പോഴും അങ്കലാപ്പിലാക്കിയിട്ടുണ്ടെങ്കിലും അവരാരും ജീവനക്കാരെ സംശയിച്ചിരുന്നില്ല. ഒരു സ്ഥാപന ഉടമ മാത്രം 90 ലക്ഷം രൂപ കടക്കാരനായി മാറിക്കഴിഞ്ഞു. ഇപ്പോഴും പല സ്ഥാപനങ്ങളിലും തട്ടിപ്പ് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
ലഹരി ഉപയോഗത്തിനും സംഘം പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. കറുപ്പ് ഉൾപ്പെടെയുള്ള വില കൂടിയ ലഹരി വസ്തുക്കൾ നേരിയ പേപ്പറിൽ പൊതിഞ്ഞു മൊബൈൽ ഫോൺ കവറിനുളളിലാണ് സൂക്ഷിച്ചിരുന്നത്.
കേസിൽനിന്ന് രക്ഷപ്പെടാൻഉത്സവ സീസണുകളിലേക്കുള്ള പർച്ചേസിന് ഉടമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ ഈ സംഘത്തിന്റെ ലഹരി പാർട്ടികൾ പൊടിപൊടിക്കാറുണ്ടെന്ന് സഹപ്രവർത്തകൾ രഹസ്യമായി സമ്മതിക്കുന്നു. രാപ്പകൽ ഭേദമന്യേ ഇവർ ഒപിഎം ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
ദിവസവും ചുരുങ്ങിയത് ഒാരോരുത്തർക്കും അയ്യായിരം രൂപ വീതമാണ് ലഹരിക്കായി വേണ്ടി വന്നിരുന്നത്. കടകളിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കുന്നവർ സംഘത്തിലെ മറ്റുളളവർക്ക് ലഹരിക്കായി വീതം വെച്ച് നൽകുകയും പതിവായിരുന്നു.
നഗരത്തെ ഞെട്ടിച്ച് തട്ടിപ്പ് നടത്തിയവർ തങ്ങൾ നിരപരാധികളാണെന്ന വാദവുമായി ജനപ്രതിനിധികളെ സമീപിച്ച് രക്ഷ നേടാനുള്ള ശ്രമവും നടത്തി. എന്നാൽ വ്യാപാരികൾ തെളിവുകൾ ഉൾപ്പെടെ ജനപ്രതിനിധികളെ കാണിച്ചപ്പോൾ സഹായം തേടി വന്ന തട്ടിപ്പ് സംഘത്തെ തട്ടിപ്പ് നടത്തിയിട്ട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞ് ജനപ്രതിനിധികൾ പടിക്ക് പുറത്താക്കുകയും ചെയ്തു.
(തുടരും)
കാലിൽ ചൊറിച്ചിൽ, പിന്നിലെ രഹസ്യം!
സീസണിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ കടയിലെ കാഷ്യറും വലിയ ഉത്സാഹത്തിലാണ്. തിരക്കിനിടയിൽ ഇടയ്ക്കിടെ ഇയാൾ കാൽപ്പാദം ചൊറിയുന്നതു പോലെ കടയുടമയ്ക്ക് തോന്നി.
തന്റെ മൊബൈൽ ഫോണിൽ വൈഫൈ വഴി കണക്ട് ചെയ്തിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഈ കാഷ്യറുടെ കാൽപ്പാദം ചൊറിച്ചിൽ ഉടമയുടെ ശ്രദ്ധയിൽ പെട്ടത്.
ചൊറിച്ചിൽ പല ദിവസവും തുടരുന്നത് കണ്ടപ്പോൾ മുംബൈയിൽ പർച്ചേസിലായിരുന്ന കട ഉടമയ്ക്ക് സംശയം ഉടലെടുത്തു. പർച്ചേസ് കഴിഞ്ഞ് റൂമിലെത്തിയ ഇദ്ദേഹം സിസിടിവി ദൃശ്യങ്ങൾ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു.
അപ്പോഴാണ് ചൊറിയുന്ന കൈകൾക്കുള്ളിൽ രണ്ടായിരത്തിന്റെ നോട്ടിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. പിന്നീട് നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് ചൊറിച്ചിലിനു പിന്നിലെ തട്ടിപ്പിന്റെ കഥ പുറത്തു വരുന്നത്.
പെട്ടെന്ന് തന്നെ പർച്ചേസ് പൂർത്തിയാക്കിയ ഉടമ പറഞ്ഞ തീയതിക്ക് മുന്പേ രഹസ്യമായി നാട്ടിലെത്തി. ഉച്ചയൂണിന് കടയിൽ നിന്നിറങ്ങിയ കാഷ്യറെ പിന്തുടർന്നു.
അപ്പോഴാണ് അതീവ രഹസ്യമായി സോക്സിനുളളിൽ നിന്ന് ചുരുട്ടിവെച്ച രണ്ടായിരത്തിന്റെ നിരവധി നോട്ടുകൾ ഇയാൾ പുറത്തെടുക്കുന്നതും ദേശസാത്കൃത ബാങ്കിൽ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും ഉടമ കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ ഒരോ തവണ ചൊറിയുമ്പോഴും ഇയാൾ രണ്ടായിരത്തിന്റെ ഒരോ നോട്ടുകളാണ് ഷൂസിന്റെ സോക്സിനുള്ളിലും കാൽപാദത്തിനടിയിലേക്കും തള്ളിക്കയറ്റിയിരുന്നതെന്നും വ്യക്തമായി.
ഉടമയുമായി വളരെ അടുത്ത കുടുംബ ബന്ധം ഉള്ള ഈ തട്ടിപ്പ് വീരനെ ഉടമയുടെ നഗരത്തിന്റെ പുറത്തുള്ള സ്ഥാപനത്തിലെ പങ്കാളികൾ അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുപ്പത്തിയെട്ട് ലക്ഷത്തിന്റെ തട്ടിപ്പാണ് കണ്ടെത്തിയത്.
ദേശസാത്കൃത ബാങ്കിലെ ഇയാളുടെ അക്കൗണ്ടിലൂടെ കടന്നു പോയ ഈ തുക കണ്ട് കടയുടമയുടെ കണ്ണ് തള്ളി.