ബംഗളൂരു: ഭാര്യക്കൊപ്പം സാരി വാങ്ങാൻ കടയിലെത്തിയ യുവാവ് കടയുടമയെ മർദിച്ചവശനാക്കി. എന്തിനെന്നല്ലേ, തന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാരിപോലും കടയിൽ ഇല്ലായിരുന്നു!
ഉത്തര കന്നഡ ജില്ലയിലാണു സംഭവം. ഭാര്യയുമായി ഷോപ്പിംഗിന് എത്തിയതായിരുന്നു മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയില്‍ സൂക്ഷിച്ചിരുന്ന മികച്ച സാരികള്‍ കാണിച്ചെങ്കിലും ഭാര്യയ്ക്ക് അതൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുവാവ് ആദ്യം കടയിലെ ജീവനക്കാരെ അധിക്ഷേപിച്ചു.
അധിക്ഷേപം അതിരു കടക്കുകയും മോശം വാക്കുകൾ ഉപയോഗിക്കാനും തുടങ്ങിയപ്പോൾ കടയിലെ ജീവനക്കാർ എതിർത്തു. തുടർന്നു വാക്കുതർക്കവും ഉന്തുംതള്ളുമായി.
ഇതിനിടയിൽ മുഹമ്മദ് തന്റെ കൂട്ടാളികളില്‍ ഒരാളെ വിളിച്ചുവരുത്തി കടയുടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.