ന്യൂഡൽഹി: ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ഡിജിറ്റൽ പണമിടപാടുകൾക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്റസ് ഇന്റർഫേസ്(യുപിഐ) ആപ്ലിക്കേഷനായ “ഗൂഗിള്‍ ടെസ്’ (Google Tez)പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ആപ്പ് അവതരിപ്പിച്ചത്. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ടെസ് ആപ്പിനാകുമെന്ന് ജയ്റ്റ്ലി പറഞ്ഞു.
യൂണിഫൈഡ് പേമെന്റ് ഇന്റർഫേസില്‍ (യുപിഐ) അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് ടെസ്. വ്യക്തിഗതവിവരങ്ങൾ നൽകാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടു പണമിടപാട് നടത്താൻ ഉപഭോക്താക്കളെ ടെസ് സഹായിക്കും. ഓൺലൈൻ, ഓഫ്ലൈൻ പണമിടപാട് ആപ്പിൽ നടത്താം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ടെസ് ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, തമിഴ്, തെലുങ്കു ഭാഷകളിൽ ആപ് ലഭ്യമാണ്.
സ്മാര്‍ട്ഫോണുകള്‍ വഴി പണമിടപാടുകള്‍ സാധ്യമാക്കുന്നതിന് നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ അവതരിപ്പിച്ച സംവിധാനമാണ് യുപിഐ. രാജ്യത്തെ പ്രമുഖ ബാങ്കുകളും യുപിഐ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ മെസെജിംഗ് ആപ്പുകളായ ഹൈക്ക് മെസഞ്ചറിലും വീചാറ്റിലും യുപിഐ പേമെന്റ് സൗകര്യം ലഭ്യമാണ്. വാട്സ്ആപ്പും യുപിഐ പേമെന്റ് ഫീച്ചര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.