സ്വന്തം ലേഖകൻ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎം സ്ഥാനാർഥികൾ പ്രതികളായി കോടതികളിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു.
സിപിഎമ്മിന്റെ പാർട്ടി പത്രത്തിൽ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
39 സ്ഥാനാർഥികളുടെ പട്ടികയിൽ കൂടുതൽ കേസുകളുമായി ഒന്നാം സ്ഥാനത്തു കഴക്കൂട്ടത്തുനിന്നു മത്സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകിൽ നേമം മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന വി. ശിവൻകുട്ടിയുമുണ്ട്.
2009 മുതൽ വിവിധ സമരങ്ങൾ നയിക്കുകയും നിയമവിരുദ്ധമായി ആൾക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. ഇത്തരം കേസുകളിൽ കുറ്റപത്രംസമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളെയുള്ളൂ. സുപ്രീം കോടതിയിലുള്ള ലാവ്ലിൻ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ടി. നന്ദകുമാർ നൽകിയ കേസുമുണ്ട്.
2013ൽ യുഡിഎഫ് സർക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേയുള്ള അഞ്ചു കേസുകളിൽ ഒന്നിൽ ഒമ്പതുമാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണ്. എന്നാൽ വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നിലവിലുണ്ട്.
2014ൽ തലശേരിയിൽ നിയമവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശൈലജയെ കോടതി ശിക്ഷിച്ചത്.
കല്യാശേരിയിലെ സ്ഥാനാർഥി എം. വിജിൻ, വടക്കാഞ്ചേരിയിലെ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർക്കെതിരേ പത്തു കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്.
തൃത്താലയിൽനിന്നു മത്സരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുണ്ട്. ഇതിൽ മൂന്നു കേസുകൾ പോലീസ് ഓഫീസറെ കൈയേറ്റം ചെയ്തതിനുള്ള വകുപ്പുകൾകൂടി ചേർത്തുള്ളതാണ്.
2003ലും 2018 ലുമാണ് ഈ കേസുകൾ. പി. രാജീവിനെതിരേ മൂന്നു കേസുകളെയുള്ളൂ.
സ്ഥാനാർഥികൾ ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിലോ കോടതിയിൽ കേസുകളുണ്ടെങ്കിലോ വിവരം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കണമെന്നാണു തെരഞ്ഞെടുപ്പുചട്ടം. അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം.
ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകൾ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.