കോഴിക്കോട് : സംസ്ഥാനത്തു വിദേശ ലഹരിമാഫിയ പിടിമുറുക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വ്യാപകമായി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്.
എന്നാല്‍, ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിക്കുന്നില്ല.
രണ്ടു കേസുകൾ
അടുത്തിടെ രണ്ടു കേസുകളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്.
ഇതിനു പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നെടുമ്പാശേരി വഴിയും കരിപ്പൂര്‍ വിമാനത്താവളം വഴിയുമായിരുന്നു കോടികള്‍ വില മതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം കൊക്കെയ്നുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുവതിയും കരിപ്പൂരില്‍ ഹെറോയിനുമായെത്തിയ യുവതിയും ഒരേ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണോയെന്ന സംശയമാണ് ഡിആര്ഐയ്ക്കുള്ളത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു കേരളം വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു മയക്കുമരുന്ന് വ്യാപകമായി എത്തിക്കാന്‍ പദ്ധതിയിട്ട സംഘത്തിലെ കാരിയര്‍മാരാണ് രണ്ടു യുവതികളെന്ന സംശയത്തിലാണ് അന്വേഷണസംഘം.
അതേസമയം ആരുടെ നിര്‍ദേശാനുസരണമാണ് ഇവര്‍ കേരളത്തിലെത്തിയതെന്നത് ഇപ്പോഴും അവ്യക്തമാണ്.
ഇരു കേസുകളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അറിയാനാവുമെന്നാണ് ഡിആര്‍ഐ കരുതുന്നത്.
സെപ്റ്റംബര്‍ 22ന് പുലര്‍ച്ചെ 2.25നാണ് 30 കോടി രൂപ മൂല്യമുള്ള 4.9 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കയിലെ സാംബിയയില്നിന്നാണ് ബിശാലാ സോകോ(40) എത്തിയത്.
കോഴിക്കോട് നഗരത്തിലെ കുതിരവട്ടത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിലായിരുന്നു ഇവര്‍ താമസിക്കാന്‍ പദ്ധതിയിട്ടത്.
മറ്റു വിവരങ്ങളൊന്നും തന്നെ ഡിആര്‍ഐക്കു ലഭിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായതിനാല്‍ യുവതിയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് കൊച്ചി വിമാനത്താവളത്തില്‍ ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപ ജൂലി (21) കൊക്കെയ്നുമായെത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ 5.34 കോടി രൂപ വിലവരുന്ന 534 ഗ്രാം കൊക്കെയ്നായിരുന്നു ജൂലിയുടെ കൈവശമുണ്ടായിരുന്നത്.
കൊക്കെയ്ന്‍ ഏറ്റുവാങ്ങാനെത്തിയ ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റിനെയും ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്.
യുവതിയെ ചോദ്യം ചെയ്യും
ഹെറോയിനുമായി ആഫ്രിക്കയിലെ സാംബിയയില്‍ നിന്നാണ് ബിശാലാ സോകോയെ ഡിആര്‍ഐ അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് യുവതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ല.
കോവിഡ് ഭേദമായതിനെ തുടര്‍ന്നാണ് കോടതിയില്‍ കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഡിആര്‍ഐ അപേക്ഷ സമര്‍പ്പിച്ചത്.
നിലവില്‍ കണ്ണൂരിലെ ജയിലിലാണ് യുവതിയുള്ളത്. അതേസമയം ചോദ്യം ചെയ്യലിനോട് വിദേശ വനിതകള്‍ സഹകരിക്കാറില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇംഗ്ലീഷ് അറിയില്ലെന്നാണ് പ്രതികള്‍ പറയുന്നത്. അറിയാമെങ്കിലും അതു സമ്മതിക്കില്ല എന്നതാണ് യാഥാർഥ്യം. ആഫ്രിക്കയിലെ ഏതെങ്കിലും പ്രാദേശിക ഭാഷകളാണ് ഇത്തരത്തില്‍ പിടിയിലാവുന്നവര്‍ സംസാരിക്കുക.
ഇതോടെ അന്വേഷണ സംഘം വെട്ടിലാകും. ഇത്തരം ഭാഷകൾ സംസാരിക്കുന്നവരെ കണ്ടെത്താൻ സാധിക്കില്ല. കൂടുതല്‍ അന്വേഷണം നടത്താനും അന്വേഷണ ഏജന്‍സികള്‍ക്കു കഴിയില്ല.