സ്വന്തം ലേഖകൻ
തൃശൂർ: മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ടി.ജി.രവിയുടെ കുടുംബത്തിലെ ഇളമുറക്കാരനും….
പ്രശസ്ത നടൻ ടി.ജി.രവിയുടെ മകനും നടനുമായ ശ്രീജിത്ത് രവിയുടെ മകൻ ഋതുണ്‍ജയ് എന്ന ആറു വയസുകാരനാണ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷം അഭിനയിക്കുന്നത്.
നടൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഋതുണ്‍ജയ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
അച്ഛന്‍േറയും അച്ചാച്ചന്റെയും അഭിനയമികവ് മൂന്നാംതലമുറക്കാരനിലും പ്രകടമാണെന്ന് അണിയറ ശിൽപികൾ പ്രശംസിക്കുന്നു.
കോഴിക്കോട് മുക്കത്തായിരുന്നു പ്രകാശൻ പറക്കട്ടെ സിനിമയുടെ ചിത്രീകരണം. ലോക്ഡൗണ്‍ സമയത്ത് ശ്രീജിത്ത് രവിയും ഭാര്യ സജിതയും ചേർന്ന് ഒരുക്കിയ വെബ്സീരീസിൽ ഋതുണ്‍ജയ് അഭിനയിച്ചിരുന്നു.
ചിഞ്ചുവും അഭയേട്ടനും കേരളത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ വെബ് സീരീസ് ആയിരുന്നു.
ഈ വെബ് സീരീസിലെ നാലാം എപ്പിസോഡ് നടൻ അജുവർഗീസിലെ എഫ്.ബി പേജിലാണ് റിലീസ് ചെയ്തിരുന്നത്.
ഋതുണ്‍ജയ് കാഴ്ചവെച്ച മികച്ച പ്രകടനം അജുവിന്റെ ശ്രദ്ധയാകർഷിക്കുകയും അജു ഈ കൊച്ചുമിടുക്കനെക്കുറിച്ച് ഷഹദിനോടും ധ്യാനിനോടും സൂചിപ്പിക്കുകയും ചെയ്തു.
അങ്ങിനെയാണ് ടി.ജി.രവിയുടെ കുടുംബത്തിലെ മൂന്നാംതലമുറ ബിഗ്സ്ക്രീനിലേക്ക് എത്തിയത്.
ഋതുണ്‍ ജയ്ക്കൊപ്പം ശ്രീജിത്ത് രവിയും പ്രകാശൻ പറക്കട്ടെ സിനിമയിൽ ശ്രദ്ദേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ യാതൊരു പതർച്ചയുമില്ലാതെ അഭിനയിക്കാനും കയ്യിൽ നിന്നിട്ട് സംഗതി പൊലിപ്പിക്കാനും ഈ കൊച്ചുമിടുക്കൻ കാണിച്ച മികവ് എല്ലാവരും അഭിനന്ദിക്കുന്നുണ്ടായിരുന്നു.
സിനിമയിൽ ഡബ്ബു ചെയ്തതും ഋതുണ്‍ജയ് തന്നെയാണ്.
ശ്രീജിത്ത് രവിയും സജിതയും മൂത്തമകൻ ഋജ് രശ്വയും ഋതുണും ടി.ജി.രവിയുമൊക്കെ ചേർന്നൊരുക്കിയ വെബ്സീരിസ് മികച്ച എന്റർടെയ്ൻമെന്റായിരുന്നു.
ഒടിടി റിലീസാകാനിരിക്കുന്ന ഒരു സിനിമയിൽ ശ്രീജിത്ത് രവിക്കൊപ്പം ഭാര്യ സജിതയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂർ ദേവമാത സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഋതുണ്‍ ജയ്. ജേഷ്ഠൻ ഋജ് രശ്വ അതേ സ്കൂളിൽ എട്ടാം ക്ലാസിലും.
ദിലീഷ് പോത്തൻ, അജു വർഗീസ്, മാത്യു തോമസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മികച്ച താരനിര തന്നെ
പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലുണ്ട്.