കേരളം സന്ദർശിക്കാനെത്തിയ ജപ്പാൻ സ്വദേശിനി ജന്മനാട്ടിലേക്ക് മടങ്ങുന്നത് സംസ്കൃതഭാഷാ പാണ്ഡിത്യമുള്ള താന്ത്രികയായി. ഇരുപത്തിയെട്ടുകാരി താനയാണ് താന്ത്രികവിദ്യകൾ അഭ്യസിച്ച് ഗുരുവിന് ദക്ഷിണയും നൽകി നാട്ടിലേക്ക് തിരിക്കുന്നത്. ചെറായി ദേവസ്വം ക്ഷേത്രത്തിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീദേവ വിദ്യാപീഠത്തിലെ തന്ത്രി ഷാജിയുടെ ശിക്ഷണത്തിലാണ് ഇവർ താന്ത്രികവിദ്യകൾ സ്വായത്തമാക്കിയത്.
താത്രികവിദ്യയിൽ കന്പമായതോടെ താന കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ആറു തവണയോളം സന്ദർശക വിസയിൽ ചെറായിയിലെത്തി. ഓരോ വരവിലും രണ്ടുമാസം വീതം ഇവിടെ താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്. പഠനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ വിദ്യാപീഠത്തിൽ ഗുരുദക്ഷിണ നൽകുന്ന ചടങ്ങായിരുന്നു.
കളംവരച്ച് വിളക്കുകൾ കൊളുത്തി ഗുരുവിന്റെ അനുഗ്രവും അനുവാദവും വാങ്ങി ദേഹശുദ്ധിവരുത്തി ശങ്കപൂരണം, ആത്മാരാധന എന്നിവയ്ക്കുശേഷം ഭദ്രകാളി പൂജമുതൽ പ്രസന്ന പൂജവരെ നടത്തിയാണ് ഗുരുദക്ഷിണ നൽകിയത്. ഇംഗ്ലീഷും ജാപ്പനീസ് ഭാഷയും മാത്രം അറിയാവുന്ന ഇവർ പൂർണമായും സംസ്കൃതഭാഷയിലുള്ള ഭദ്രകാളി ധ്യാനവും മൂലമന്ത്രങ്ങളും വളരെ പെട്ടെന്ന് പഠിച്ചതായി തന്ത്രി ഷാജി പറഞ്ഞു.
ജപ്പാനിലെ ടൊയോമോ നഗരത്തിൽ ന്യൂട്രീഷ്യൻ ആയി ജോലി നോക്കുന്ന ഇവരുടെ ഭർത്താവ് ഫ്രഞ്ചുകാരനായ സെബാസ്റ്റ്യനാണ്. അഞ്ചുവയസുകാരിയായ മകൾ ജൂലിയയും ഇവർക്കൊപ്പമുണ്ട്. 13നു ഇവർ ജപ്പാനിലേക്ക് തിരിക്കും. അതിനു മുന്പായി വിദ്യാപീഠത്തിൽ മകളെയും ശിഷ്യപ്പെടുത്തുമെന്ന് താന പറഞ്ഞു.
ഹരുണി സുരേഷ്