തിരുവനന്തപുരം: ഈശോയുടെ പേരിൽ കച്ചവട താൽപര്യം മുൻനിർത്തി സിനിമ നിർമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നു ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈശോ ഈ ലോകത്തിലെ മഹനീയ നാമമാണ്. ജനതയുടെ ഹൃദയ വികാരം മനസിലാക്കി ഈ പേര് പിൻവലിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈശോയുടെ പേര് സിനിമയ്ക്ക് ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും പേര് അടിയന്തരമായി പിൻവലിക്കണമെന്നും പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ച എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷനായിരുന്നു. കെസിസി പ്രസിഡന്റ് പ്രകാശ് പി. തോമസ്, പിഎംജി ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ, പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി ഡോ.ടി. നിക്കോളാസ്, കത്തോലിക്ക കോണ്ഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ സെക്രട്ടറി രാജേഷ് ജോണ്, സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഫാ.ജോണ് കുറ്റിയിൽ, സാഹിത്യകാരൻ സതീഷ് തിരുമല, ജസ്റ്റിൻ പള്ളിവാതുക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിക്കുന്നത് പിൻവലിക്കുക, ന്യൂനപക്ഷ അവകാശങ്ങളിലെ സെക്ഷൻ 9 കെ പൂർണമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.