പത്തനംതിട്ട: തബ് ലീഗില്‍ പങ്കെടുത്തു മടങ്ങിയവരില്‍ രണ്ട് ചിറ്റാര്‍ സ്വദേശികളുടെ പരിശോധനാഫലം നെഗറ്റീവായത് പത്തനംതിട്ടയ്ക്കു നേരിയ ആശ്വാസമായി. ഇനി ഏഴുപേരുടെ പരിശോധനാഫലം ഇന്നും നാളെയുമായി പ്രതീക്ഷിക്കുന്നുണ്ട്.
17 പേരാണ് പത്തനംതിട്ടയില്‍ നിന്ന് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ വിവിധ തീയതികളിലായി പങ്കെടുത്തത്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ തന്നെ മരിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മൂന്നുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
നാട്ടില്‍ തിരികെയെത്തിയ 13 പേരെയും കണ്ടെത്തി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് കഴിഞ്ഞദിവസം നെഗറ്റീവായി ലഭിച്ചത്.
ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശിയുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മുഴുവന്‍ ആളുകളെയും ഇന്നോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
ഷാര്‍ജയില്‍ നിന്നു കഴിഞ്ഞ 22ന് നെടുമ്പാശേരിയിലെത്തിയ 26കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സഞ്ചാരപഥം ഉള്‍പ്പെടുത്തി റൂട്ട്മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപട്ടികയിലെ ഏതാനും പേരെ തിരിച്ചറിയുകയും ചെയ്തു.
ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാളോടൊപ്പം സഞ്ചരിച്ചവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ 18 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്ക് 28 ദിവസത്തെ ക്വാറന്റൈന് നിര്‍ദേശിച്ചു. ഇതോടെ പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.