മൂവാറ്റുപുഴ: തങ്കമ്മയ്ക്ക് തണലായി പീസ് വാലി എത്തി. മക്കളാൽ സംരക്ഷിക്കപ്പെടാതെ കഴിഞ്ഞ അഞ്ചു മാസമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള തങ്കമ്മയെയാണ് പീസ് വാലി കഴിഞ്ഞ ദിവസം ഏറ്റെടുത്തത്.
കോതമംഗലം വരപ്പെട്ടി കാക്കാട്ടൂർ സ്വദേശിനിയാണ് തങ്കമ്മ. രണ്ടു മക്കളിൽ ഒരു മകൻ നേരത്തെ മരിച്ചു. മറ്റൊരു മകൻ ദൂരെയെവിടെയോ ഭാര്യയുടെ വീട്ടിൽ മൂന്ന് പെണ്മക്കളോടൊപ്പവും.
ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തങ്കമ്മ നിരന്തരമായ അസുഖങ്ങളെത്തുടർന്ന് അഞ്ചു മാസം മുന്പാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുന്നത്. കൂടെ ആരും ഇല്ലാതെ നാളുകൾ കടന്നുപോയി.
ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് തങ്കമ്മയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്.
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്ന തങ്കമ്മ മലമൂത്ര വിസർജ്യത്തിലാണ് പലപ്പോഴും കിടന്നിരുന്നത്.
തങ്കമ്മയുടെ ദയനീയവസ്ഥ ശ്രദ്ധയിൽപ്പെട്ട മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ് വിഷയം പൊതുപ്രവർത്തകരെ അറിയിച്ചത്.
വിവരമറിഞ്ഞ പീസ് വാലി പ്രവർത്തകർ തങ്കമ്മയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ദയനീയസ്ഥിതി ബോധ്യമായതോടെ സ്ഥലപരിമിതി ഉണ്ടെങ്കിലും ഇവർക്ക് പീസ് വാലിയിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ അഭയം നൽകാൻ തയാറാവുകയായിരുന്നു.
പീസ് വാലിയിലെത്തിയ തങ്കമ്മയെ സ്വീകരിച്ചതും ആശ്വസിപ്പിക്കാൻ ആദ്യം എത്തിയതും തൊണ്ണൂറ്റി ഒന്ന് വയസ് പിന്നിട്ട അന്തേവാസി പാറുക്കുട്ടിയമ്മയായിരുന്നു.